shameema-beegum

ധാക്ക: ഇംഗ്ലണ്ടിൽ നിന്ന് ഐസിസിൽ ചേരാൻ പോയ ഷമീമ ബീഗം തിരിച്ച് ബംഗ്ലാദേശിൽ എത്തിയാൽ വധശിക്ഷ നൽകുമെന്ന് വിദേശകാര്യ മന്ത്രി അബ്‌ദുൾ മൊമെൻ വ്യക്തമാക്കി. നിവലിൽ സിറിയൻ അഭയാർത്ഥി ക്യാംപിൽ കഴിയുന്ന ഷമീമ മാതാപിതാക്കളുടെ സഹായത്തോടെ ബംഗ്ലാദേശ് പൗരത്വം നേടാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ ഷമീമ ബംഗ്ലാദേശിൽ എത്തിയാൽ വധശിക്ഷ നേരിടേണ്ടി വരുമെന്ന് രാജ്യം പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ്.

“ഷമീമ ബീഗത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് യാതൊന്നും ചെയ്യാനില്ല. കാരണം,​ ഒരു തരത്തിലും ഷമീമ ബംഗ്ലാദേശി പൗരയല്ല. അവർ മുൻപ് പൗരത്വത്തിനായി അപേക്ഷിച്ചിട്ടുമില്ല. ഷെമീമ ജനിച്ച്‌ വളർന്നതൊക്കെ ഇംഗ്ലണ്ടിൽ തന്നെയാണ്.” അബ്‌ദുൾ മൊമെൻ പറഞ്ഞു.

ഗർഭിണിയായിരിക്കെ തന്റെ കുഞ്ഞിനെ പ്രസവിക്കാനും,​ സുരക്ഷിതമായി വളർത്താനും ബ്രിട്ടനിലേക്ക് തിരികെ എത്താൻ ഷെമീമ ബീഗം ശ്രമം നടത്തിയിരുന്നു. ബ്രിട്ടനിലെത്തിയാലും ഐസിസിനെ തള്ളി പറയില്ലെന്നും അവരുടെ നിലപാടിൽ ഉറച്ച് നിൽക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ യു കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് പ്രത്യേക നിർദേശ പ്രകാരം ഇവരുടെ പൗരത്വം റദ്ദാക്കുകയായിരുന്നു.


ഇതിന് പിന്നാലെ സിറിയൻ അഭയാർത്ഥി ക്യാംപിൽ ഷെമീമ കുഞ്ഞിന് ജന്മം നൽകിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ഷമീമയ്ക്കും കുഞ്ഞിനും അഭയം നിഷേധിച്ച സാജിദ് ജാവീദിനെതിരെ ലോകത്തെ വിവിധയിടങ്ങളിൽ നിന്നുമുള്ള മനുഷ്യാവകാശ പ്രവർത്തകർ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു. പഠനകാലത്താണ് ഷമീമ ബീഗം ഇസ്ലാമിക് സ്റ്റേ‌റ്റ‌ിൽ ചേരാനായി ബ്രിട്ടനിൽ നിന്ന് തുർക്കി വഴി സിറിയയിലെത്തിയത്.