മക്കളെ കൊല്ലുന്ന അമ്മമാരെക്കുറിച്ചുള്ള വാർത്തകളും മാദ്ധ്യമങ്ങളിൽ നിറഞ്ഞുതുടങ്ങിയിരിക്കുന്നു. കാലത്തിന്റെ ഈ പോക്ക് എങ്ങോട്ടാണ്? മലയാളികളുടെ ജീവിത സാഹചര്യങ്ങളിൽ വന്ന വലിയ മാറ്റങ്ങൾ ഇതിനൊക്കെ കാരണമാകുന്നു. പണ്ടൊക്കെ കൂട്ടുകുടുംബങ്ങളായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും അമ്മാവനും അമ്മായിമാരും കുഞ്ഞമ്മമാരുമെല്ലാം ഒരുമിച്ച് താമസിച്ചിരുന്ന കാലം. അന്ന് നേർവഴിക്ക് നയിക്കാനും നല്ല പാഠങ്ങൾ പറഞ്ഞുകൊടുക്കാനും ഇഷ്ടംപോലെ ആളുകൾ ഉണ്ടായിരുന്നു. ഇന്ന് പഴയകാലത്തെ ക്കുറിച്ച് ചിന്തിച്ചിട്ട് അർത്ഥമില്ലായെന്നറിയാം. പക്ഷേ ഈ രീതിയിൽ എങ്ങനെ മുന്നോട്ടുപോകും?
ദമ്പതികൾക്കിടയിലെ സ്നേഹശൂന്യത ഒരു പ്രധാനകാരണമാണ്. ഭാര്യയും ഭർത്താവും പരസ്പരം സ്നേഹിക്കാതാകുമ്പോൾ അവർക്കിടയിലെ അകലം വർദ്ധിക്കുന്നു. ഈ ഗ്യാപ്പിലാണ് സ്നേഹം നടിക്കുന്ന ക്രിമിനലുകൾ ചില ജീവിതങ്ങളിലേക്ക് കുടിയേറുന്നത്. അവസാനം അവന്റെ ഇംഗിതങ്ങൾക്കെല്ലാം ഇരയാവുകയും മക്കളെപ്പോലും കൊല്ലാൻ കൂട്ടുനിൽക്കുകയും ചെയ്യുന്നു. ഇവിടെയെല്ലാം കുട്ടികളാണ് ദുരന്തം നേരിടേണ്ടിവരിക. കുടുംബ ബന്ധങ്ങൾ ശക്തമാക്കാൻ ശ്രമിക്കുകയാണ് പോംവഴി. സാമൂഹിക സംഘടനകൾ ഈ വിഷയം ഏറ്റെടുക്കണം. കൗൺസലിംഗ് ക്ലാസുകളും ,ചർച്ചകളും ഗുണം ചെയ്യും.കുടുംബങ്ങളുടെ കൂട്ടായ്മകൾ നടത്തുന്നതും നല്ലതാണ്.റസിഡന്റ്സ് അസോസിയേഷനുകൾക്കും ഇതിൽ പങ്കുവഹിക്കാൻ കഴിയും.
എം.എൽ.ഉഷാരാജ്
പേട്ട,തിരുവനന്തപുരം
8893894425