2019 ലെ National Testing Agency നടത്തിയ നീറ്റ് പരിക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര സൂചിക വിലയിരുത്തി ഏത് കോഴ്സ് ലഭിക്കുമെന്ന ആകാംക്ഷയിലാണ്. 66000 ത്തോളം എം.ബി.ബി.എസ്, 29000 ബി.ഡി.എസ് സീറ്റുകളിലേക്കുള്ള പൊതുപരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് എന്ന നീറ്റ്. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളിൽ
ആയുർവേദ, യോഗ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ്, ഫോറസ്ട്രി കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്.
13.5 ലക്ഷം വിദ്യാർത്ഥികളാണ് മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയെഴുതിയത്. ദേശീയതലത്തിൽ ജമ്മു കാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 15 ശതമാനം ആൾ ഇന്ത്യാ ക്വാട്ട മെഡിക്കൽ പ്രവേശനം നീറ്റ് വഴിയാണ്. സംസ്ഥാന തലത്തിൽ നീറ്റ് മാർക്കനുസരിച്ച് അതത് സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് 100 ശതമാനവും പ്രവേശനം. അതിനാലാണ് നീറ്റിന് അപേക്ഷിക്കുന്നവർ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ KEAM ലേക്കും അപേക്ഷിക്കാൻ നിഷ്കർഷിക്കുന്നത്.
അഖിലേന്ത്യാ ക്വാട്ടയിൽ 15 ശതമാനം കാർഷിക കോഴ്സുകളിലേക്ക് National Testing Agency ജൂലായ് ഒന്നിന് പ്രത്യേക പരീക്ഷ നടത്തും. എന്നാൽ വെറ്ററിനറി സയൻസ് ബിരുദ പ്രോഗ്രാമിന് വെറ്ററിനറി കൗൺസിൽ നടത്തുന്ന 15 ശതമാനം അഖിലേന്ത്യാ സീറ്റുകളിലേക്ക് പരീക്ഷയില്ല. പകരം നീറ്റ് റാങ്കിന് അനുസരിച്ചാണ് സീറ്റുകൾ അനുവദിക്കുന്നത്.
ഈ വർഷത്തെ നീറ്റ് പരീക്ഷ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടന്ന മൂന്ന് പരീക്ഷകളേക്കാൾ എളുപ്പമായിരുന്നു. ബയോളജി, കെമിസ്ട്രി എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ വിദ്യാർത്ഥികളെ താരതമ്യേന ബുദ്ധിമുട്ടിച്ചില്ല. എന്നാൽ ഫിസിക്സ് ചോദ്യങ്ങൾ സമയക്കുറവ് മൂലം ചെയ്യാൻ പറ്റാത്ത വരുണ്ട്. മൊത്തം നീറ്റിനുള്ള 180 ചോദ്യങ്ങളിൽ നിന്നും 45 വീതം കെമിസ്ട്രി, ഫിസിക്സ് എന്നിവയിൽ നിന്നുമാണ്. ഈ വർഷത്തെ ചോദ്യങ്ങളിൽ 180 ൽ അഞ്ച് ശതമാനം മാത്രമാണ് ഏറെ കറക്കുന്ന ചോദ്യങ്ങൾ.
പ്ലസ് വൺ, പ്ലസ് ടു തലങ്ങളിൽ എൻ.സി.ഇ.ആർ.ടി. സിലബസനുസരിച്ച് ചോദ്യങ്ങൾ തയാറാക്കിയിട്ടുണ്ട്. ഓരോ വർഷത്തെ പാഠഭാഗങ്ങളിൽ നിന്നും 50 ശതമാനത്തോളം ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഒരു ചോദ്യത്തിന് 4 മാർക്ക് വീതം മൊത്തം 720 മാർക്കാണുള്ളത്. 2019 ൽ നീറ്റിന്റെ എലിജിബിലിറ്റിമാർക്ക് 130 ന് അടുത്താകാൻ സാദ്ധ്യതയുണ്ട്. വിദേശരാജ്യങ്ങളിൽ (ചൈന, റഷ്യ, ഉക്രെയിൻ, ജോർജ്ജിയ തുടങ്ങിയ രാജ്യങ്ങളിൽ) മെഡിസിൻ പഠനത്തിന് നീറ്റ് യോഗ്യത ആവശ്യമാണ്. 2019 ൽ അഡ്മിഷന് 2018 നെ അപേക്ഷിച്ച് നീറ്റിൽ ആറ് ശതമാനത്തോളം മാർക്ക് കൂടുതലായി വേണ്ടിവരും.
മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയാണ് ദേശീയാടിസ്ഥാനത്തിൽ ഓൺലൈൻ കൗൺസലിംഗ് പ്രക്രിയ നടത്തുന്നത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള സീറ്റുകളിൽ കേരളത്തിൽ പ്രവേശന പരീക്ഷ കമ്മിഷണർ, കർണാടകയിൽ കർണാടക examinations അതോറിറ്റി, പുതുച്ചേരിയിൽ Centac, തമിഴ്നാട്ടിൽ Tancet എന്നിവയാണ് അലോട്ട്മെന്റ് നടത്തുന്നത്. കേരളത്തിൽ 100 ശതമാനം സർക്കാർ, സ്വാശ്രയ, എൻ.ആർ.ഐ. സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ കമ്മിഷണർ അലോട്ട്മെന്റ് നടത്തും. മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെ അഖിലേന്ത്യാ 15 ശതമാനം സീറ്റുകൾ, ഡീംഡ്, സ്വകാര്യമെഡിക്കൽ, ഡെന്റൽ കോളേജുകളിലേക്കുള്ള സീറ്റുകൾ, ഇ.എസ്.ഐ.മെഡിക്കൽ കോളേജ്, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് എന്നി വിടങ്ങളിലേക്കുള്ള അലോട്ട്മെന്റ് നടക്കും. കൗൺസലിംഗിലെ നിബന്ധനകൾ പാലിക്കാൻ മറക്കരുത്. ആദ്യം ലഭിക്കുന്ന സീറ്റെന്ന് കരുതി ഡീംഡ്, മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ സീറ്റെടുത്താൽ രണ്ടാം കൗൺസലിംഗിന് ശേഷം കേളേജുകൾ മാറുന്നതിന് തടസങ്ങളുണ്ട്. സർക്കാർകോളേജുകളിൽ സീറ്റ് ലഭിക്കാൻ ആദ്യം മുൻഗണനാ ക്രമത്തിൽ ഓപ്ഷൻ നൽകണം.
അഖിലേന്ത്യാ ക്വാട്ടയിലും, കേരളത്തിലും 25,000 രൂപ ഫീസിൽ സർക്കാർ സീറ്റുകളിൽ പഠിയ്ക്കാൻ നീറ്റിൽ ഓപ്പൺ മെരിറ്റിൽ 560 ന് മുകളിൽ മാർക്ക്നേടേണ്ടിവരും. സ്വാശ്രയസീറ്റിൽ 480 - 500 ന് മുകളിൽ മാർക്ക് നേടേണ്ടിവരും. സ്വകാര്യ, ഡീംഡ് മെഡിക്കൽ കേളേജിൽ 400 ന് മുകളിൽ മാർക്ക് ലഭിക്കേണ്ടിവരും. എൻ.ആർ.ഐ. സീറ്റുകളിലേക്ക് 350 ന് മുകളിൽ മാർക്ക് ലഭിക്കേണ്ടി വരും. മാർക്ക് കുറഞ്ഞവർ അയൽ സംസ്ഥാനങ്ങളിലെ ഡീംഡ്, സ്വകാര്യ, മെഡിക്കൽ, ഡെന്റൽ കോളേജുകളിലേക്ക് അപേക്ഷിക്കണം. 450 മാർക്കിന് മുകളിൽ ലഭിച്ചവർക്ക് സർക്കാർ ഡെന്റൽ കോളേജുകളിൽ അഡ്മിഷന് സാദ്ധ്യതയുണ്ട്.
ചെറിയ വ്യത്യാസങ്ങൾ ഇതിൽ വരാനിടയുണ്ട്. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് 6-8 ശതമാനം മാർക്ക് സീറ്റ്അലോട്ട്മെന്റിൽ കൂടുതലായി വേണ്ടിവരും. മെഡിക്കൽ, അനുബന്ധ കാർഷിക കോഴ്സുകളിലും ഈ പ്രവണത ദൃശ്യമാകും. ഓപ്ഷൻ നൽകുമ്പോൾ ഫീസ് പ്രത്യേകം വിലയിരുത്തണം. ശരിയായ രീതിയിൽ ഓപ്ഷൻ നൽകിയില്ലെങ്കിൽ അവസരം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് പ്രത്യേകം ഓർക്കേണ്ടതാണ്. ഫീസ് ഇനത്തിൽ സ്വാശ്രയ കോളേജുകളുമായി തർക്കമില്ലാതെ ഈ വർഷം അഖിലേന്ത്യാ സീറ്റുകളിലെ പ്രവേശനത്തോടൊപ്പം കേരളത്തിലും മെഡിക്കൽ പ്രവേശനം സുഗമമായി നടക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം!