-srilanka

കൊളംബോ: ഫേസ്ബുക്കും വാട്സാപ്പും ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ താൽക്കാലികമായി ശ്രീലങ്കയിൽ നിരോധിച്ചു. സിംഹള ഗോത്രക്കാരും,​ മുസ്ലിം ന്യൂനപക്ഷവും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് രാജ്യത്ത് സോഷ്യൽ മീഡിയ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലൂടെ വ്യാജ സന്ദേശങ്ങൾ പരക്കുന്ന സാഹചര്യത്തിലാണ് ഇതിന് തടയിടാനായി സർക്കാരിന്റെ നീക്കം.

വാട്സാപ്പ്, ഫേസ്ബുക്ക്, വൈബർ തുടങ്ങിയുള്ള എല്ലാ സോഷ്യൽ മീഡിയ ആപ്പുകളും രാജ്യത്ത് താൽക്കാലികമായി നിരോധിച്ചതായി ശ്രീലങ്കൻ വിവരാവകാശ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, സമുദായ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് നെഗോംബോയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനെ തുടർന്ന് നെഗോംബോയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചതെന്ന് പൊലീസ് വക്താവ് എസ്.പി റുവാൻ ഗുണശേഖര പറഞ്ഞു.