ലോകത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളവയാണ് ഇന്ത്യയുടെ കിഴക്കൻ തീരദേശങ്ങൾ. തമിഴ്നാട് തുടങ്ങി ആന്ധ്രാ പ്രദേശ്, ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ തീരദേശഭാഗങ്ങളിലും ബംഗ്ലാദേശിലും മ്യാൻമറിലും പലതവണ വൻ ചുഴലിക്കാറ്റുകൾ നാശം വിതച്ചിട്ടുണ്ട്. വളരെയധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളായതുകൊണ്ട് പണ്ടൊക്കെ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. ആന്ധ്രാ, ഒഡിഷഎന്നിവിടങ്ങളിലെ, സാമ്പത്തികമായി പിന്നാക്കം നില്കുന്ന കർഷകർക്ക് വൻ ആഘാതം വരുത്തി വയ്ക്കുന്നവയാണ് ഇത്തരം കാലാവസ്ഥാ പ്രതിഭാസങ്ങൾ. വർഷംപ്രതി മഴയോടൊപ്പമെത്തുന്ന ചുഴലിക്കാറ്റ് കൃഷിയെയും വാസസ്ഥലങ്ങളെയും ഗതാഗത സംവിധാനങ്ങളെയും വാർത്താവിനിമയ സംവിധാനങ്ങളെയും വിനാശകരമായി ബാധിക്കുന്നു. ആ പ്രദേശങ്ങളെ ഇത്തരം പ്രതിഭാസങ്ങൾ ദശകങ്ങളോളം പിന്നോട്ടടിപ്പിക്കുന്നു. ഒരു ആഘാതത്തിൽ നിന്നും കരകയറുമ്പോഴേക്കും മറ്റൊന്നിന്റെ തുടക്കമായിട്ടുണ്ടാകും.
1999 ൽ ഒഡിഷയെ ഛിന്നഭിന്നമാക്കിയ സൂപ്പർ സൈക്ലോൺ 260കി. മീ വേഗതയുള്ള കാറ്റിന് കാരണമായി. അതിനു ശേഷം ഒഡിഷ അനുഭവിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഇപ്പോൾ സംഹാരതാണ്ഡവമാടിയ ഫോനി. ഇത് ആയിരക്കണക്കിനു കോടിയുടെ നാശനഷ്ടം ഒഡിഷയിലും ബംഗാളിലും വരുത്തിവച്ചു. ബംഗ്ലാദേശിനെയും വെറുതേ വിട്ടില്ല. 200 കി.മീ വരെ വേഗതയിൽ കാറ്റു വീശിയ എക്സ്ട്രീംലി സിവിയർ സൈക്ലോൺ എന്ന ഇനത്തിൽ പെട്ടതായിരുന്നു ഫോനി.
സൈക്ളോണുകൾ
ഇന്ത്യൻ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകളെ സൈക്ലോണെന്നു വിളിക്കുന്നു. അറ്റ്ലാന്റിക്കിൽ ഹറികേനെന്നും, പസഫിക്കിൽ ടൈഫൂണെന്നും അറിയപ്പെടുന്നു. ട്രോപ്പിക്കൽ സൈക്ലോൺ എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ പ്രധാനമായും രൂപം കൊള്ളുന്നത് ഭൂമദ്ധ്യരേഖയ്ക്ക് ഇരുവശത്തും ഏകദേശം 500 കി.മീ ദൂരത്താണ്. ഭൂമദ്ധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിനാൽ ഭൂമിയിലെ മറ്റിടങ്ങളെക്കാൾ ഇവിടെ താപം വർദ്ധിപ്പിക്കുന്നു. സമുദ്രോപരിതല താപനില 26.5 ഡിഗ്രിക്ക് മുകളിൽ ഉയരുമ്പോൾ ബാഷ്പീകരണം വർദ്ധിച്ച് ചുഴലിക്കാറ്റിനുള്ള ആദ്യഘടകം സജ്ജമാകുന്നു. സമുദ്രത്തിൽ നിന്നുയരുന്ന ജലബാഷ്പം അന്തരീക്ഷത്തിലൂടെ ഉയർന്നു പൊങ്ങി അന്തരീക്ഷപാളിയായ ട്രോപ്പോസ്ഫിയറിനു മുകളിലെത്തി ഘനീഭവിക്കുന്നു. ശൈത്യമേറിയ ഉയരത്തിൽ ബാഷ്പം ഐസ്കണങ്ങളായി മാറി മേഘശകലങ്ങൾക്ക് രൂപംനല്കും. ഇത്തരത്തിൽ വളരുന്ന മേഘഭാഗം പതിയെ കറങ്ങിത്തുടങ്ങുന്നു. ഉത്തരാർദ്ധഗോളത്തിൽ വലത്തുനിന്നും ഇടത്തേയ്ക്കും ദക്ഷിണാർദ്ധഗോളത്തിൽ ഇടത്തുനിന്നും വലത്തേയ്ക്കുമാണ് മേഘഭാഗം കറങ്ങുന്നത് . കോറിയോളിസ് പ്രഭാവം മൂലമാണിത്. സംവഹനം മൂലമുള്ള പ്രവാഹങ്ങൾ താപമേറിയ ജലത്തെയും വായുവിനെയും ഭൂമദ്ധ്യരേഖയിൽനിന്നും ധ്രുവപ്രദേശങ്ങളിലേക്കും ധ്രുവപ്രദേശങ്ങളിൽനിന്നും തണുത്ത വായു, ജലം എന്നിവയെ ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്കും എത്തിക്കുന്നു. കൊടുങ്കാറ്റുകൾ, മഹാസമുദ്രജലപ്രവാഹങ്ങൾ എന്നിവയെ കോറിയോളിസ് പ്രഭാവം സ്വാധീനിക്കുന്നു.
ഉയർന്ന അക്ഷാംശങ്ങൾക്കു മുകളിലുള്ള അന്തരീക്ഷപാളികളിൽ വായുപ്രവാഹമായ ജെറ്റ് സ്ട്രീം ഉടലെടുക്കുന്നു. ഉയർന്ന പ്രവേഗമുള്ള കാറ്റായതുമൂലം ഉഷ്ണമേഖലാ പ്രദേശങ്ങൾക്കപ്പുറമുള്ള ഇടങ്ങളിലെ കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് എന്നിവയ്ക്കുള്ള ഊർജ്ജം ഇത് നല്കുന്നു. വായുപ്രവാഹങ്ങളായ ഉഷ്ണമേഖലാ ജെറ്റ് സ്ട്രീമും, ധ്രുവീയ ജെറ്റും രണ്ട് വ്യത്യസ്ത വായുഭാഗങ്ങളുടെ അതിർത്തിയിലാണുള്ളത്. ഈ പ്രദേശങ്ങളിലാണ് ചുഴലി കൊടുങ്കാറ്റുകൾ രൂപപ്പെടുന്നത്.
സൈക്ലോണുകൾ പലതരം
രണ്ടു വ്യത്യസ്ത ഘടനകളുള്ള വായുഭാഗങ്ങൾ മുഖാമുഖം എത്തുമ്പോൾ മർദ്ദവ്യതിയാനം ഉണ്ടാകുകയും അതുമൂലം രൂപംകൊണ്ട മേഘഭാഗം പതിയെ നീങ്ങുകയും ചെയ്യുന്നു. മണിക്കൂറിൽ ഏകദേശം 25 കി.മീ ആയിരിക്കും ഇതിന്റെ വേഗം. തുടർച്ചയായി സമുദ്രത്തിൽനിന്നും നീരാവിയുടെ രൂപത്തിൽ ജലമെത്തി ഘനീഭവിച്ച് മേഘഭാഗത്തിന് വലിപ്പം വയ്ക്കുന്നു.
മർദ്ദവ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന കാറ്റിന്റെ തീവ്രതയിലും വർദ്ധനവുണ്ടാകുന്നു. 62 കി.മീ വേഗമുള്ള കാറ്റ് ഉള്ളവ ഡീപ്പ് ഡിപ്രഷനാണ്. ഈ വേഗതയിൽ കൂടുതലുള്ള കാറ്റ് കാണപ്പെടുമ്പോൾ, 63 കി.മീ മുതൽ 88 കി.മീ വരെ, അത് ഒരു സൈക്ലോണായി (ചക്രവാതം) മാറുന്നു. 89 കി.മീ മുതൽ 117 കി.മീ വരെ വേഗതയുള്ള കാറ്റുള്ളപ്പോൾ അത് സിവിയർ സൈക്ലോണും 118കി.മീ മുതൽ 165 കി.മീ വരെ കൂടുതലായുള്ള കാറ്റുള്ളപ്പോൾ അത് വെരി സിവിയർ സൈക്ലോണുമാണ്. 166കിമീ /220 കിമീ കാറ്റിന്റെ തീവ്രതയ്ക്ക് കാരണമാകുന്ന ചുഴലിക്കാറ്റുകളെ എക്സ്ട്രീംലി സിവിയർ സൈക്ലോൺ എന്ന ഗണത്തിൽ പെടുത്തിയിരിക്കുന്നു. ഇതിൽ കൂടുതൽ വേഗതയുള്ള കാറ്റ് കാണപ്പെടുമ്പോൾ അതൊരു സൂപ്പർ സൈക്ലോണാകുന്നു. ചുഴലിക്കൊടുങ്കാറ്റിനു കാരണമാകുന്ന മേഘഭാഗത്തിന് 1000/2000 കി.മീ വരെ വ്യാസമുണ്ടാകും. മേഘഭാഗത്തിന്റെ ഒത്തമദ്ധ്യത്തിൽ മേഘം ഒട്ടുമില്ലാത്ത വൃത്താകൃതിയിലുള്ള ഭാഗമാണ് 'ഐ' എന്നറിയപ്പെടുന്നത്. ഇതിന്റെ വശങ്ങൾക്ക് കുറഞ്ഞത് 15 കി.മീ വലിപ്പമുണ്ടാകും.
ചൂട് അസഹനീയമാകാൻ കാരണം
ചുഴലിക്കൊടുങ്കാറ്റ് കരയിൽ എത്തിച്ചേരുന്നതിനെ ലാൻഡ്ഫോൾ എന്നു പറയുന്നു. ചുഴലിക്കാറ്റ് കരതൊടുന്ന വേളയിൽ സ്റ്റോം സർജ്ജ് എന്നു പറയുന്ന വൻതിരമാലകൾ പെട്ടെന്ന് കരയിലേയ്ക്കടിച്ചു കയറി നാശംവരുത്തും. കൂടെ ശക്തമായ മഴയും ദൃശ്യമാകും. ബംഗാൾ ഉൾക്കടലിന്റെ താപനില അറബിക്കടലിനെ അപേക്ഷിച്ച് കുറവാണ്. ഈ വേനലിന്റെ പാരമ്യത്തിൽ അറബിക്കടലിന്റെ ഉപരിതല താപനില 30 ഡിഗ്രി കടന്നപ്പോൾ ബംഗാൾ ഉൾക്കടലിൽ അത് 28/29 ഡിഗ്രി ആയിരുന്നു. ഈ വ്യത്യാസത്തിനു കാരണമായി ഭവിക്കുന്നത് രണ്ട് കടലുകളിലെ ജലത്തിന്റെ ലവണതയാണ്. ബംഗാൾ ഉൾക്കടലിലെ ജലത്തിന്റെ ലവണത അറബിക്കടലിന്റേതിനെക്കാൾ കുറവായതു മൂലം എളുപ്പത്തിൽ ബാഷ്പീകരണം സംഭവിച്ച് ഈർപ്പം
ഉയർന്നു പൊങ്ങി ചുഴലിക്കൊടുങ്കാറ്റിനുള്ള ആദ്യഘടകത്തിനു രൂപം നല്കുന്നു. ലവണത തരതമ്യേന കൂടുതലായതു കാരണം അറബിക്കടലിന്റെ വിശിഷ്ട താപധാരിതയും കൂടുതലാണ്. അതായത് താപം ഉൾക്കൊള്ളാനുള്ള ശേഷി. മഴപെയ്ത് ജലമൊഴുകി അറബിക്കടലിന്റെ ഉപരിതലം നേർക്കുമ്പോൾ ബാഷ്പീകരണം കൂടുതലായി തീരദേശത്തുനിന്നും ഏകദേശം 70 കിമീ ദൂരം വരെയുള്ള പ്രദേശത്തെ ആപേക്ഷിക ആർദ്രതയിൽ വർദ്ധനവുണ്ടാകുന്നു. ഇവിടങ്ങളിൽ ഉച്ചസമയത്തൊക്കെ സൂര്യാഘാതം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. വർദ്ധിച്ച ആർദ്രതയുള്ള വായുവിന് താപം വഹിക്കാനുള്ള ശേഷി കൂടുതലാണ്. കഴിഞ്ഞ പ്രളയകാലത്തിനു ശേഷം അസഹനീയമായ ചൂട് അനുഭവപ്പെട്ടതിനു പിന്നിൽ ഈ പ്രതിഭാസമാണ്.
വേനൽക്കാലമാകുമ്പോൾ ബംഗാൾ ഉൾക്കടലിന്റെ ഭാഗത്തുനിന്നുള്ള നേർത്ത ജലം, മഹാസമുദ്ര ജലപ്രവാഹം വഴി അറബിക്കടലിലെത്തുകയും ഉപരിതലത്തെ നേർപ്പിക്കുകയും ചെയ്യുന്നു. ഈ വേനൽ അതീവ ദുസഹമായതിനു പിന്നിൽ ഈ പ്രതിഭാസമാണ്. അന്തരീക്ഷത്തിലെ ആർദ്രതയാണ് അനുഭവപ്പെടുന്ന ചൂട് അസഹനീയമാക്കുന്നത്.
അറബിക്കടലിലെ ചുഴലിക്കാറ്റുകൾ
അറബിക്കടലിലെ ചുഴലിക്കാറ്റുകൾ പൊതവേ ആഫ്രിക്കൻ തീരദേശങ്ങളിലും ഒമാൻ തീരത്തുമൊക്കെയാണ് നാശം വിതച്ചിട്ടുള്ളത്. കേരളത്തിനെ തീരദേശങ്ങളിൽ ചുഴലിക്കാറ്റുകൾ വീശിയടിച്ച അവസരങ്ങൾ കുറവാണ്. അറബിക്കടലിൽ നാശംവിതച്ച ഓഖിപോലും കേരളത്തെ അധികം സ്പർശിക്കാതെയാണ് കടന്നുപോയത്. എന്നാൽ ലക്ഷദ്വീപിലും ഗുജറാത്തിലും പാകിസ്ഥാനിലും പലവേളകളിലും അറബിക്കടലിലെ സൈക്ലോണുകൾ വിനാശകരമായി ഭവിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങളുടെയും മഹാസമുദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോയ്കളുടെയും റഡാറുകളുടെയും ഡോപ്ലാർ റഡാറുകളുടെയും കപ്പലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളുടെയും സഹായത്തോടെ ചുഴലിക്കാറ്റുകൾ എത്തുന്ന ഇടവും സമയവും കൃത്യമായി പ്രവചിക്കാനാകുന്നു.
താപനിലയും കൊടുങ്കാറ്റുകളും
ഭൂമിയിലെ താപനിലയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത് സൂര്യനിൽനിന്നും ഭൗമാന്തരീക്ഷത്തിലേക്കും ഭൗമോപരിതലത്തിലേക്കും എത്തുന്ന ഊർജ്ജവും അതു തിരികെ സ്പേസിലേക്കു പ്രതിഫലിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. ഇതിൽ വ്യതിയാനമുണ്ടാകുമ്പോൾ താപനിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നു. മനുഷ്യന്റെ ചെയ്തികൾ മൂലമുള്ള ഹരിതഗൃഹപ്രഭാവത്തിലെ വർധനവുമൂലം കാലാവസ്ഥയിൽ വൻമാറ്റങ്ങളുണ്ടാകും എന്ന് പല ഗവേഷകരും കരുതുന്നു. താപനില കൂടുമ്പോൾ കൊടുങ്കാറ്റുകളുടെ എണ്ണം വർദ്ധിക്കും. പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ . ഇവിടെ അന്തരീക്ഷത്തിന്റെ അസ്ഥിരത കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനം മൂലം നാം പരിചയിച്ചു വന്ന കാലാവസ്ഥ പ്രതിഭാസങ്ങൾ വ്യത്യസ്തമായി അനുഭവപ്പെടാൻ ഇടയുണ്ട്. ഇവയുടെ തീവ്രതയിലും വർദ്ധനവുണ്ടാകും എന്നു കരുതപ്പെടുന്നു.