hareesh-peradi-sidhique

സൂപ്പർ സ്‌റ്റാറാണെങ്കിലും നടൻ വിജയ് ഒരു സൂപ്പർ നടനല്ലെന്ന സിദ്ദിഖിന്റെ പരാമർശത്തെ തള്ളി നടൻ ഹരീഷ് പേരടി രംഗത്ത്. അവനവന്റെ ആസ്വാദനുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നും തന്റെ സ്വന്തം അനുഭവത്തിൽ വിജയ് സൂപ്പർതാരവുമാണ് സൂപ്പർ നടനുമാണെന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പർ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്... സ്വന്തം അനുഭവത്തിൽ പറയട്ടെ ഈ മനുഷ്യൻ... സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ് ...'

കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തിൽ നൽകി അഭിമുഖത്തിലാണ് വിജയ്‌യെ കുറിച്ചുള്ള പരാമർശം സിദ്ദിഖ് നടത്തിയത്. 'നമ്മുടെ സൂപ്പർ താരങ്ങൾ സൂപ്പർ നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യമെന്നും, എന്നാൽ അന്യഭാഷയിൽ അത്തരം മഹിമകളില്ലെന്നും സിദ്ദിഖ് പറഞ്ഞു. സൂപ്പർസ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നിൽക്കുന്നത്. 'മധുരരാജ' എന്ന സിനിമ ഉണ്ടാകണമെങ്കിൽ മമ്മൂക്കയും 'ലൂസിഫർ' എന്ന സിനിമ വരണമെങ്കിൽ മോഹൻലാലും വേണം. ഈ സൂപ്പർതാരങ്ങളെ ആശ്രയിച്ചാണ് ഇൻഡസ്ട്രി നിൽക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാർ നിലനിൽക്കുന്നത്. നമ്മുടെ സൂപ്പർതാരങ്ങൾ സൂപ്പർനടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളിൽ അത്തരം മഹിമകളില്ല. വിജയ് സൂപ്പർസ്റ്റാറാണെങ്കിലും സൂപ്പർനടനാണെന്ന് പറയാൻകഴിയില്ല. എന്നാൽ, കമൽഹാസൻ സൂപ്പർനടനും സൂപ്പർസ്റ്റാറുമാണ് - ഇതായിരുന്നു സിദ്ദിഖിന്റെ വാക്കുകൾ.