തങ്ങളെ അടിച്ചമർത്തിയ മണ്ണിലേക്ക് സി.പി.എമ്മിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയായിരുന്നു നന്ദിഗ്രാമിലെ ഓരോ വ്യക്തിയും. ഒരു കാലത്ത് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന നന്ദിഗ്രാമിലേക്ക് പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിന്റെ നേതൃത്വത്തിലാണ് സി.പി.എം ശക്തമായ തിരിച്ചുവരവ് നടത്തിയത്. സി.പി.എം സ്ഥാനാർത്ഥി ഷേക്ക് ഇബ്രാഹിം അലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിലാണ് നന്ദിഗ്രാമിന്റെ മണ്ണിലേക്ക് വീണ്ടും ചെങ്കൊടി എത്തിയത്. രണ്ടാഴ്ച മുൻപാണ് നന്ദിഗ്രാമിൽ പാർട്ടി ഓഫീസ് തുറന്നത്. ഇതിന് പിന്നാലെയാണ് സി.പി.എം. റോഡ് ഷോയും സംഘടിപ്പിച്ചത്.
മുൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ പാർട്ടി പ്രകടനം നടത്താൻ ആലോചിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല. പിന്നീട് നന്ദിഗ്രാമിൽ നിന്ന് 25കിലോമീറ്റർ അകലെയുള്ള നന്ദകുമാർ എന്ന ടൗണിൽ പ്രകടനം നടത്തിയായിരുന്നു സി.പി.എം ആശ്വാസം കണ്ടെത്തിയത്. ഇരുചക്രവാഹനങ്ങളടക്കം നാൽപ്പതോളം വണ്ടികളുമായി പൂർണമായും നന്ദിഗ്രാമിന്റെ ഹൃദയഭൂമിയിലൂടെയായിരുന്നു ശനിയാഴ്ച റോഡ് ഷോ കടന്നുപോയത്. മുഹമ്മദ് സലിമിനെക്കൂടാതെ മുതിർന്ന പാർട്ടി നേതാവ് രബീൺ ദേബും റോഡ് ഷോയിൽ പങ്കെടുത്തു.
നന്ദിഗ്രാമിനടുത്തുള്ള തെങ്കുവയിൽ നിന്ന് ആരംഭിച്ച് രണ്ട് മണിക്കൂർ നീണ്ട റോഡ് ഷോ നന്ദിഗ്രാം മേഖല പൂർണമായും ചുറ്റിയ ശേഷം ബസ് സ്റ്റാൻഡിന് സമീപത്ത് ഒരു യോഗവും കൂടിയ ശേഷമാണ് സമാപിച്ചത്. അതേസമയം, ഏറെ നാളുകൾക്കുശേഷം നന്ദിഗ്രാമിലേക്കെത്തിയ ചുവപ്പുകൊടികളുടെ ഘോഷയാത്രയ്ക്ക് വലിയ സ്വീകരണമോ എതിർപ്പോ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല പ്രദേശവാസികളിൽ ഒട്ടുമിക്കവരിലും കൗതുകവുമായിരുന്നു റോഡ്ഷോ.
’’ഒരു ദിവസം കൊണ്ടൊന്നും ഒരു മാറ്റം വരുത്തുക എളുപ്പമല്ല. പക്ഷേ, നന്ദിഗ്രാമിലേക്ക് തിരിച്ചുവരാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നന്ദിഗ്രാമിലെ പുതുതലമുറയിൽപ്പെട്ട ചെറുപ്പക്കാർക്ക് ഇത് ആദ്യാനുഭവമായിരിക്കും. പ്രവർത്തകർക്ക് ആത്മധൈര്യം പകരാനാണ് ഞാൻ ഉദ്ദേശിക്കുന്നത്’- നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധസമരത്തിന്റെ ശക്തികേന്ദ്രമായ സോനാമുറ-ഗംഗാറ പ്രദേശങ്ങളിലൂടെ റോഡ് ഷോ പോവുന്നതിനിടെ മുഹമ്മദ് സലിം വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കൽ ഇന്നും പ്രസക്തമായ പ്രശ്നമാണ്. വ്യാവസായികമായ മുരടിപ്പാണിവിടെ സംഭവിക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് എതിരാണെന്ന് ഭാവിച്ച മമത തന്നെ അധികാരത്തിൽ വന്ന ശേഷം ഭൂമി വൻകിട സിൻഡിക്കേറ്റുകൾക്ക് കൈമാറുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളിലൂടെയുള്ള കള്ളപ്രചാരണങ്ങളിലൂടെയും മാവോവാദി ഗൂഢാലോചനകളിലൂടെയും നന്ദിഗ്രാമിനെ ഉപയോഗിച്ച് മമത രാഷ്ട്രീയലാഭം നേടുകയായിരുന്നു. ഇവിടെ യാതൊരു വികസനവും നടക്കുന്നില്ലെന്നും ജനങ്ങൾ മടുത്തുകഴിഞ്ഞെന്നും സലിം കുറ്റപ്പെടുത്തി. അതേസമയം, പാർട്ടി ഓഫീസ് തുറന്നതിന് പിന്നാലെ ചിലർ ഓഫീസ് താഴിട്ട് പൂട്ടി കരിങ്കൊടി നാട്ടിയിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്നും പാർട്ടി പ്രവർത്തകർ വ്യക്തമാക്കി.