nia

കൊച്ചി : ഇന്ത്യയിൽ ഭീകര സംഘടനയായ ഐസിസിന്റെ വേരുറപ്പിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മൂന്ന് മലയാളികളെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പ്രതി ചേർത്തു. കാസർകോട് സ്വദേശിയായ അബൂബക്കർ സിദ്ദിഖ്,​ മുഹമ്മദ് അറാഫാത്ത്,കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസൽ എന്നിവരാണ് പ്രതി ചേർത്ത മലയാളികൾ. ഐസിസിൽ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് കടന്ന മലയാളി അബ്ദുൾ റാഷിദുമായാണ് ഇവർ ഗൂ‌ഢാലോചന നടത്തിയത്. കേരളത്തിൽ നിന്നുള്ള മലയാളികൾ ഐസിസിൽ ചേർന്നതായി കണ്ടെത്തിയതിന് പിന്നാലെ എൻ.ഐ.ഐ നടത്തുന്ന അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വ്യക്തമായത്. പ്രതികൾ ഒളിലാണെന്നാണ് സൂചന. ഇവർ എൻ.ഐ.എയുടെ കസ്റ്റഡിയിലുണ്ടോയെന്നും വ്യക്തമല്ല.

ഐസിസ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷയിലാണ് മൂന്ന് മലയാളികളെ കൂടി പ്രതി ചേർത്ത വിവരം എൻ.ഐ.എ കോടതിയെ അറിയിച്ചത്. അതേസമയം,​ റിമാൻഡിൽ കഴിയുന്ന റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് എൻ.ഐ.എ കോടതി പരിഗണിക്കും. ശ്രീലങ്കൻ സ്‌ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്‌റാൻ ഹാഷിമിന്റെ ആരാധകനായ റിയാസിന്റെ കൂടുതൽ തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് ചോദ്യം ചെയ്യൽ തുടരേണ്ടതുണ്ടെന്നാണ് എൻ.ഐ.എ വ്യക്തമാക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് അന്വേഷണസംഘം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പാണ് റിയാസ് പിടിയിലായത്. കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകൾ കടന്നതിൽ റിയാസിന് ബന്ധമുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു.

ഐസിസിന് വേണ്ടി സ്വയം ചാവേറാകാൻ ആഗ്രഹിച്ചിരുന്നതായി ഇയാൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നും ഐസിസിൽ എത്തിയവരുമായും ഏജന്റുമാരുമായും ബന്ധപ്പെട്ടിരുന്ന റിയാസ്, ചാവേറാക്രമണം നടത്താനുള്ള തന്റെ താൽപര്യവും പദ്ധതിയും ഇവരെ അറിയിച്ചിരുന്നു. മറ്റു മതസ്ഥരുടെ ആഘോഷങ്ങൾ, പുതുവത്സരപ്പാർട്ടികൾ തുടങ്ങിയവ നടക്കുമ്പോൾ ആക്രമണം നടത്താനായിരുന്നു റിയാസിന്റെ പദ്ധതി. ഇതിനുള്ള സന്നദ്ധത റിയാസ് ആവർത്തിച്ച് അറിയിച്ചിരുന്നെങ്കിലും, കൂടെയുള്ളവർ തയ്യാറായിരുന്നില്ല എന്നും ഇതിനെത്തുടർന്നാണ് പദ്ധതികൾ നടപ്പാക്കാനാകാതെ പോയതെന്നുമാണ് റിയാസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മൊഴി.