voting

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ ഇന്നലെ ജമ്മുകാശ്മീരിലും പശ്ചിമബംഗാളിലും അക്രമ സംഭവങ്ങൾ അരങ്ങേറി. പശ്ചിമ ബംഗാളിലെ സംഘർഷത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. ബംഗാളിലെ ബാരക്പൂരിലാണ് ബി.ജെ.പി സ്ഥാനാർത്ഥി അർജുൻ സിംഗിന് പരിക്കേറ്റത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. അതേസമയം, സ്ത്രീകളോട് മോശമായി പെരുമാറിയതിനാണ് അർജുൻ സിംഗിന് മർദ്ദനമേറ്റതെന്നാണ് തൃണമൂൽ പറയുന്നത്.

കാശ്മീരിലെ പുൽവാമയിൽ പോളിംഗ് സ്റ്റേഷന് നേർക്ക് ഗ്രനേഡ് ആക്രമണം ഉണ്ടായി. ഇന്നലെ രാവിലെയാണ് അനന്ത്നാഗ് മണ്ഡലത്തിലെ പോളിംഗ് ബൂത്തിന് നേർക്ക് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ജമ്മുവിൽ ആദ്യമായാണ് അക്രമസംഭവങ്ങൾ നടക്കുന്നത്. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് അനന്ത്നാഗ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായാണ് നടക്കുന്നത്. ബിഹാറിലെ ഒരു ബൂത്തിൽ വോട്ടിംഗ് മെഷീൻ എറിഞ്ഞുടച്ചു. ചാപ്രയിലെ 131ാം ബൂത്തിലെ വോട്ടിംഗ് ​ മെഷീനാണ്​ രഞ്​ജിത്​ പാസ്വാൻ എന്നയാൾ എറിഞ്ഞുടച്ചത്​. ഇയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.