mamata

കൊൽക്കത്ത: ഫോനി ചുഴലിക്കാറ്റിനെത്തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് വന്ന ഫോൺകാളിന് താൻ പ്രതികരിച്ചില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാന‌ർജി. കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമായി കാര്യങ്ങൾ ചർച്ചചെയ്യേണ്ട ആവശ്യം തനിക്കില്ല എന്നാണ് മമതയുടെ വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ടുതവണ മമതയെ വിളിച്ചെങ്കിലും, അവർ ഫോണെടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തില്ലെന്ന പരാതി ഉയർന്നിരുന്നു. കാര്യങ്ങളറിയാൻ മോദി തന്നെ വിളിച്ചില്ല എന്ന് മമതയും നേരത്തേ ആരോപണമുന്നയിച്ചിരുന്നു.

ചുഴലിക്കിടയിലും 'സ്പീഡ് ബ്രേക്കർ മമത" രാഷ്ട്രീയം കളിക്കുകയാണെന്ന് പറഞ്ഞ് ഇന്നലെ രാവിലെ മോദി വീണ്ടും മമതയ്ക്കെതിരെ രംഗത്തുവന്നിരുന്നു. അഹങ്കാരംകൊണ്ട് എന്നോട് സംസാരിക്കാൻ പോലും അവർ തയ്യാറായില്ല- ബംഗാളിലെ തംലൂക്കിൽ പ്രചാരണറാലിക്കിടെ മോദി കുറ്റപ്പെടുത്തി. ജയ് ശ്രീറാം വിളിക്കുന്നവരെയെല്ലാം മമത ജയിലിലടക്കുകയാണെന്നും മോദി തംലൂക്കിൽ ആരോപിച്ചു.

അതേസമയം, ഫോനി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ഒഡിഷ തീരത്ത് ഇന്നലെ രാവിലെ പ്രധാനമന്ത്രി ആകാശസന്ദ‌ർശനം നടത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പടിനായിക്കുമായും ചർച്ചകൾ നടത്തി.