abraham-lincoln

വാഷിംഗ്ടൺ: ഇറാനെ വിറപ്പിക്കാൻ അമേരിക്ക വിമാനവാഹിനി കപ്പലും ബോംബർ ടാസ്ക് ഫോഴ്സും മദ്ധ്യേഷ്യൻ ഭാഗത്ത് വിന്യസിച്ചതായി റിപ്പോർട്ട്. മേഖലയിൽ തുടർച്ചയായി പ്രശ്നങ്ങളുണ്ടാക്കുന്ന ഇറാൻ നാവികസേനയുടെ പ്രകോപനങ്ങൾക്ക് മറുപടിയായിട്ടാണ് പുതിയ നീക്കമെന്ന് വൈറ്റ് ഹൗസ് പ്രതിനിധികൾ അറിയിച്ചു. എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലും ബോംബർ ടാസ്ക് ഫോഴ്സുമാണ് അമേരിക്ക അയച്ചിട്ടുള്ളത്.

അമേരിക്കയ്ക്കോ സഖ്യരാഷ്ട്രങ്ങൾക്കോ നേരെയുള്ള ഏതൊരു ആക്രമണത്തെയും തങ്ങൾ അനുകമ്പയില്ലാതെ നേരിടും എന്നുള്ള വ്യക്തമായ സന്ദേശമാണ് കപ്പലും സേനയും അയയ്ക്കുന്നതിലൂടെ ഇറാന് നൽകുന്നതെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ അറിയിച്ചു. ''ഞങ്ങൾ ഇറാനുമായി യുദ്ധമല്ല ആഗ്രഹിക്കുന്നത്. എന്നാൽ ഏതുതരത്തിലുള്ള ആക്രമണത്തെയും ചെറുക്കാൻ സജ്ജരുമാണ്. അത് നിഴൽയുദ്ധങ്ങളോ, തീവ്ര ഇസ്ലാമികസംഘടനകളോ, ഇറാൻ സേനയോ എന്തുതന്നെ ആയാലും."- ബോൾട്ടൻ വ്യക്തമാക്കി. അതേസമയം, ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതൽ വഷളാകുന്നതിന്റെ ഉദാഹരണമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. അടുത്തകാലത്തായി അമേരിക്കയിൽനിന്ന് ഇറാൻ കടുത്ത സമ്മർദ്ദങ്ങളാണ് നേരിടുന്നത്. അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ 2015ൽ ഇറാനുമായി ഉണ്ടാക്കിയ ആണവകരാറിൽനിന്ന് ട്രംപ് പിന്മാറിയിരുന്നു. ഇറാനുമേലുള്ള ഉപരോധങ്ങളും അമേരിക്ക പുനഃസ്ഥാപിച്ചിരുന്നു.

''മദ്ധ്യേഷ്യയിലെ അമേരിക്കയുടെ സേന ഭീകരസംഘടനയാണ്. അമേരിക്ക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്"

- ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി

 കലിപ്പ് തീരാതെ അമേരിക്ക

യു.എസ് ഉപരോധം ഏർപ്പെടുത്തിയ ഇറാനിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൽനിന്ന് പിന്മാറണമെന്ന് ഇന്ത്യ, ചൈന, ജപ്പാൻ, സൗത്ത് കൊറിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പിന്മാറിയില്ലെങ്കിൽ ഈ രാജ്യങ്ങൾക്കുമേലും ഉപരോധം ഏർപ്പെടുത്തുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി. അമേരിക്കയുടെ വിരോധം കാരണം, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇറാൻ അനുഭവിക്കുന്നത്. ഇറാൻ സേനയുടെ ഒരുവിഭാഗത്തെ ഭീകരസംഘടനയായും അമേരിക്ക പ്രഖ്യാപിച്ചിരുന്നു. മറ്റൊരു രാജ്യത്തിന്റെ സേനയെ ആദ്യമായാണ് ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിക്കുന്നത്.

 എബ്രഹാം ലിങ്കൺ വിമാനവാഹിനി

അമേരിക്കൻ നാവികസേനയുടെ നിമിറ്റ്സ് ക്ലാസ് വിമാനവാഹിനികപ്പലുകളിലൊന്നാണ് എബ്രഹാം ലിങ്കൺ. (ആണവോർജം ഉപയോഗിക്കുന്ന 10 വിമാനവാഹിനികളുടെ ശൃംഖലയാണ് നിമിറ്റ്സ് ക്ലാസ് ). വിർജീനിയയിലെ നോർഫോക്ക് ആണ് ഇവയുടെ ഹോംപോർട്ട്. അറ്റ്ലാന്റിക് കപ്പൽപ്പടയിലെ അംഗമാണ് എബ്രഹാം ലിങ്കൺ.