renjan-gogoi

ന്യൂഡൽഹി: ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗിക പീഡന പരാതി തള്ളി. യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര പരാതി പരിഹാര സമിതിയാണ് പരാതി തള്ളിയത്. യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സമിതി വിലയിരുത്തി. സുപ്രീം കോടതി മുൻജീവനക്കാരിയാണ് ഗൊഗോയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിച്ചത്. ജസ്‌റ്റിസുമാരായ ഇന്ദു മൽഹോത്രയും ഇന്ദിരാ ബാനർജിയും സമിതിയിൽ ഉൾപ്പെട്ടിരുന്നു.

സമിതിയുടെ റിപ്പോർട്ട് അതു സ്വീകരിക്കാൻ യോഗ്യനായ അടുത്ത മുതിർന്ന ജഡ്ജിക്കു നൽകിയതായി സെക്രട്ടറി ജനറൽ വ്യക്തമാക്കി. പകർപ്പ് ചീഫ് ജസ്റ്റിസിനും നൽകി. സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയാണ് ബോബ്‌ഡെ.

അന്വേഷണത്തിന്റെ ഭാഗമായി സമിതി ചീഫ് ജസ്റ്റിസിനെ വിളിച്ചുവരുത്തുകയും അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ആഭ്യന്തര അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്നും സമിതിയിൽനിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും വ്യക്തമാക്കി പരാതിക്കാരി രംഗത്തെത്തിയിരുന്നു. സമിതിയുടെ അന്വേഷണത്തോട് സഹകരിക്കില്ലെന്നും അവർ പറഞ്ഞിരുന്നു.