news

1. ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സി.പി.എം, മാനിയാക്കുകളെ പോലെ പെരുമാറുന്നു. മനുഷ്യന്‍ അധപതിച്ചാല്‍ മൃഗമാകും എന്ന് അഴീക്കോട് പറഞ്ഞത് ഇപ്പോഴത്തെ ചില സി.പി.എം നേതാക്കളെ കണ്ടാകും എന്ന് ആക്ഷേപം

2. ബി.ജെ.പി ഓഫീസിലേക്ക് ദേശീയപാത വിഷയവുമായി ബന്ധപ്പെട്ട് എത്തിയ നിവേദക സംഘത്തില്‍ സി.പി.എം പ്രാദേശിക നേതാവും ഉണ്ടായിരുന്നു. ജനങ്ങളുടെ ആശങ്ക അറിയിക്കുക ആണ് താന്‍ ചെയ്തത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ശുപാര്‍ശ എന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സാമൂഹിക ദ്രോഹിയായി തന്നെ ചിത്രീകരിച്ച സിപിഎം നടപടി അപകടകരമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

3. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ശ്രീധരന്‍പിള്ള കേന്ദ്രത്തിന് കത്തയച്ചു. ഈ കത്താണ് കേരളത്തെ ഒന്നാം വികസന പട്ടികയില്‍ നിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാന്‍ കാരണം എന്നാണ് സി.പി.എം ആരോപണം. ശ്രീധരന്‍ പിള്ള നല്‍കിയ കത്തിന്റെ പകര്‍പ്പും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ധനമന്ത്രി തോമസ് ഐസക് ആരോപണം ഉന്നയിച്ചത്.

4. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയും ബംഗാളും ഫോനി ചുഴലിക്കാറ്റ് ഭീഷണിയില്‍ ആയിരിക്കുമ്പോഴും മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്ട്രീയം കളിച്ചെന്നും ധാര്‍ഷ്ട്യത്തോടെ പെരുമാറി എന്നും പ്രധാനമന്ത്രി. സംസ്ഥാനത്ത് പ്രകൃതി ദുരന്തം ഉണ്ടായപ്പോഴും അവര്‍ രാഷ്ട്രീയ പ്രചാരണം നടത്തുക ആയിരുന്നു. ഫോണില്‍ സംസാരിക്കാന്‍ പോലും തയാറായില്ലെന്നും മോദി ആരോപിച്ചു.

5. ചുഴലിക്കാറ്റ് ഒഡീഷയിലും ബംഗാള്‍ തീരപ്രദേശങ്ങളിലും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര യോഗങ്ങളെ കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മമത ബാനര്‍ജി മറുപടി നല്‍കിയില്ല. ആരോപണം, ഒഡീഷയിലെ ഫോനി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ബംഗാളിലെ താംലുക്കിലെ റാലിയില്‍ സംസാരിക്കവെ. ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും സ്പീഡ്‌ബ്രേക്കര്‍ ദീദി രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത് എന്നും പ്രധാനമന്ത്രി പറഞ്ഞു

6. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം പേര്‍ വിജയിച്ചു. വിജയശതമാനം കൂടുതല്‍ പത്തനംതിട്ടയില്‍ 99.33ശതമാനം. കുറഞ്ഞ വിജയ ശതമാനം വയനാട്ടില്‍ 93.22. 1631 സ്‌കൂളുകള്‍ക്ക് നൂറുമേനി ലഭിച്ചു. ഇതില്‍ 599 എണ്ണവും സര്‍ക്കാര്‍ സ്‌കൂളുകള്‍ ആണ്. കേരളത്തിലും ലക്ഷദ്വീപിലുമായി 2939 സന്റെറുകള്‍ വഴി 4,34,829 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. 37,334 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയ ജില്ല മലപ്പുറം. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

7. പരീക്ഷാ പേപ്പര്‍ പുനര്‍ മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന, ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി എന്നിവക്ക് മെയ് ഏഴു മുതല്‍ മെയ് 10 വരെ അപേക്ഷിക്കാം. സേ പരീക്ഷ മെയ് 20 മുതല്‍ 25 വരെ നടക്കും. ഫലപ്രഖ്യാപനം ജൂണില്‍ നടക്കും. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. നാലര ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. സി.ബി.എസ്.ഇ പത്താംക്ലാസ് ഫലവും പ്രസിദ്ധപ്പെടുത്തി. 13 വിദ്യാര്‍ത്ഥികള്‍ 500-ല്‍ 499 മാര്‍ക്ക് നേടി.

8. മാപ്പിളപാട്ട് സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തിന്റെ വിയോഗം 75-ാം വയസില്‍ അല്‍പം മുന്‍പ് കണ്ണൂരിലെ വസതിയില്‍ വച്ച്. ആയിരത്തില്‍ അധികം മാപ്പിള പാട്ടുകള്‍ മൂസയുടെ സ്വതസിദ്ധമായ നാദത്തിലൂടെ പുറത്തു വന്നിട്ടുണ്ട്. അസുഖത്തെ തുടര്‍ന്ന് അവസാന കാലത്ത് ശബ്ദം നഷ്ടമായ അവസ്ഥയില്‍ ആയിരുന്നു.

9. തലശ്ശേരിക്ക് അടുത്തുള്ള എരഞ്ഞോളിക്കാരനായ വലിയകത്ത് മൂസയാണ് പിന്നീട് എരഞ്ഞോളി മൂസയായത്. ആകാശവാണിയില്‍ പാടിയത് മുതലാണ് എരഞ്ഞോളി മൂസ എന്ന പേരില്‍ പ്രസിദ്ധമാകുന്നത്. മാപ്പിളപ്പാട്ട് ശാഖയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഗ്രാമീണ കലാ സമിതികളിലൂടെ ആയിരുന്നു ഗായകന്റെ വളര്‍ച്ച.