കോഴിക്കോട്: അക്ഷയതൃതീയ പ്രമാണിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഷോറൂമുകൾ ഇന്ന് രാവിലെ എട്ടു മുതൽ തുറന്നുപ്രവർത്തിക്കും. അക്ഷയതൃതീയയെ വരവേൽക്കാൻ പ്രത്യേക സജ്ജീകരണങ്ങളാണ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ ഷോറൂമുകളിലും സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവ് ലഭിക്കും. സ്വർണ നാണയങ്ങൾക്ക് ഇന്ന് പണിക്കൂലി ഉണ്ടാവില്ല. ഡയമണ്ട് ആഭരണങ്ങൾക്ക് ഡയമണ്ടിന്റെ മൂല്യത്തിൽ 20 ശതമാനം വരെയും കിഴിവുണ്ട്.

കഴിഞ്ഞവർഷത്തെ വില്‌പനയുടെ അനുപാതം നോക്കുമ്പോൾ ഈവർഷം ഇന്ത്യയിലും വിദേശത്തുമായി 2,000 കിലോഗ്രാം സ്വർണം ഇക്കുറി നടത്താനാകുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. അക്ഷയ തൃതീയയോട് അനുബന്ധിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ സബ്-ബ്രാൻഡുകളായ ഇറ, മൈൻ, എത്തിനിക്‌സ്, പ്രഷ്യ, ഡിവൈൻ, സ്‌റ്റാർലെറ്ര് തുടങ്ങിയവയുടെ വലിയ കളക്ഷനും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

ഐതീഹ്യതൃതീയ!
സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും ഐശ്വര്യപൂർണമായ ദിനമായാണ് അക്ഷയതൃതീയയെ കാണുന്നത്. മഹാവിഷ്‌ണുവിന്റെ അവതാരമായ പരശുരാമന്റെ ജന്മദിനമാണ് അക്ഷയ തൃതീയയെന്ന് ഹിന്ദുമതസ്ഥർ വിശ്വസിക്കുന്നു. ഒരക്ഷയതൃതീയ നാളിലാണത്രേ വേദവ്യാസനും ഗണപതിയും ചേ‌ർന്ന് മഹാഭാരതം എഴുതിയത്. ദ്രൗപതിക്ക് അക്ഷയപാത്രം ലഭിച്ചതും അക്ഷയതൃതീയ ദിനത്തിലാണെന്ന വിശ്വാസമുണ്ട്. ഈ ദിനത്തിൽ ദാനധർമ്മങ്ങൾ നടത്തിയാൽ ആയുഷ്‌കാലം മുഴുവൻ അനുഗ്രഹിക്കപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു.