കോഴിക്കോട്: മന്ത്രി തോമസ് ഐസക്കും സി.പി.എം നേതാക്കളും ഇത്രയും മനുഷ്യത്വമില്ലാത്തവരായി മാറാൻ പാടില്ലായിരുന്നുവെന്ന് ദേശീയ പാത വികസനം അട്ടിമറിച്ചത് താനാണെന്ന ആരോപണത്തിന് മറുപടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. പ്രളയദുരിതം അനുഭവിക്കുന്നവരുടെ ഭൂമി ദേശീയ പാത വികസനത്തിന് തത്കാലം ഏറ്റെടുക്കരുതെന്നാണ് ഞാൻ കത്തിൽ ആവശ്യപ്പെട്ടത്. മന്ത്രി ആരോപിക്കുന്നത് പോലെ വികസനം അട്ടിമറിക്കാനല്ല. പി.എച്ച്ഡി ഉണ്ടായാലും ഇംഗ്ളീഷ് അറിയണമെന്നില്ല.
എൻ.എച്ച് 66ന്റെ ഭാഗമായി ഇടപ്പള്ളി - മൂത്തകുന്നം മേഖലയിലെ ഭൂമി ഏറ്റെടുക്കലിനെക്കുറിച്ചാണ് ആരോപണം.1973ൽ 30 മീറ്ററിൽ ഏറ്റെടുത്ത സ്ഥലത്തിന് ഇതുവരെ മാന്യമായ നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇതിനിടയിലാണ് 45 മീറ്റർ വീതിയിൽ വീണ്ടും സ്ഥലമെടുക്കാൻ നടപടി തുടങ്ങിയത്. പ്രളയം വന്ന സമയത്ത് സ്ഥലം ഏറ്റെടുത്താൽ തങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്ന് പറഞ്ഞ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നെ വന്നു കണ്ടു. സംഘത്തിൽ ഒരു പ്രാദേശിക സി.പി.എം നേതാവും ഉണ്ടായിരുന്നു. ആ സമയത്ത് സഹായിക്കേണ്ടത് മനുഷ്യത്വപരമായ കാര്യമായത് കൊണ്ട് നിയമം അനുശാസിക്കുന്ന വിധത്തിൽ സഹായിക്കണമെന്ന ശുപാർശ കത്തുമായി ആക്‌ഷൻ കമ്മിറ്റി നൽകിയ നിവേദനം ഗതാഗത മന്ത്രി ഗഡ്‌കരിക്ക് 2018 സെപ്തംബർ 14ന് അയച്ച് കൊടുക്കുക മാത്രമാണ് ചെയ്തത് - ശ്രീധരൻ പിള്ള വിശദീകരിച്ചു.