ചെന്നൈ: അക്കാഡമിക, ഗവേഷണ മേഖലകളിൽ സഹകരിക്കുന്നത് സംബന്ധിച്ച കരാറിൽ വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയും (വി.ഐ.ടി) യൂറോപ്പിലെ പ്രശസ്‌തമായ, സ്‌പാനിഷ് സർവകലാശാലയായ യൂണിവേഴ്‌സിഡാഡ് ഡി കാസ്‌റ്റില ല മാൻചയും (യു.സി.എൽ.എം) ഒപ്പുവച്ചു. ഫാക്കൽറ്റി ആൻഡ് സ്‌റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച്, സംയുക്തമായി കോൺഫറൻസുകളും സെമിനാറുകളും സംഘടിപ്പിക്കൽ തുടങ്ങിയവയും കരാറിലുൾപ്പെടുന്നു. വി.ഐ.ടി ചാൻസലർ ഡോ.ജി. വിശ്വനാഥൻ, യു.സി.എൽ.എം റെക്‌ടർ ഡോ. മിഗ്വേൽ ഏഞ്ചൽ കൊളാഡോ യുറീറ്റ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.
എൻജിനിയറിംഗ്, അഗ്രികൾച്ചർ, നാനോ സയൻസ്, നാനോ ടെക്‌നോളജി, മോളിക്യുലാർ മെറ്റീരിയൽസ് എന്നിവയിലാണ് കരാർ പ്രകാരം പ്രാഥമികമായി ഇരു സ്ഥാപനങ്ങളും സഹകരിക്കുന്നത്. ധനകാര്യം, ബിസിനസ്, നിയമ വിഷയങ്ങളിലേക്ക് പിന്നീട് സഹകരണം വ്യാപിപ്പിക്കും. യു.സി.എൽ.എം പ്രതിനിധികളായ വൈസ് ചാൻസലർ പ്രൊഫ. ഫത്തിമ ഗ്വഡമില്ലാസ് ഗോമസ്, ഡോ. ജോർഡി ജിമേനോ ബെവിയ, ഡോ. റോസ പെരേസ് ബാഡിയ, ഡോ. തെരേസ കുബറെസ് മോണ്ട്‌സെറാത്, ഡോ. ഫെർണാണ്ടോ ലാംഗ ഡി ല പുന്റേ, വി.ഐ.ടി അസിസ്‌റ്റന്റ് ഡയറക്‌ടർ ഡോ.ആർ. ശ്രീനിവാസൻ, ധനുമലയൻ തുടങ്ങിയവരും സ്‌പെയിനിലെ ടൊലേഡോയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.