തൊടുപുഴ: ഏഴുവയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം. ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരം കെസെടുക്കാൻ ശിശുക്ഷേമ സമിതിയാണ് പൊലീസിന് നിർദ്ദേശം നൽകിയത്. ഈ വകുപ്പ് പ്രകാരം കുറ്റം ചുമത്തിയാൽ പ്രതിക്ക് പത്ത് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്നതാണ്. നിലവിൽ കുട്ടിയുടെ അമ്മ എറണാകുളത്ത് മാനസിക ചികിത്സയിലാണ്.
അതേസമയം, കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ ഇളയസഹോദരനെ അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുക്കുകയായിരുന്നു. ശിശക്ഷേമ സമിതി നിർദ്ദേശപ്രകാരം പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. ഇളയകുട്ടി ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.
ഏഴുവയസ്സുകാരന്റെ സംസ്‌കാരച്ചടങ്ങുകൾക്ക് ശേഷം അമ്മയെയും അനുജനെയും അമ്മൂമ്മയെയും കട്ടപ്പനയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്കാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും അനുമതിയോടെ ഇവരെ എത്തിച്ചത്. ഗാർഹിക പീഡനത്തിന് ഇരകളായ സ്ത്രീകൾക്ക് താൽക്കാലിക അഭയം കൊടുക്കുന്ന കേന്ദ്രമാണിത്. സാധാരണ 7 ദിവസം വരെയാണ് ഇവിടെ പാർപ്പിക്കുക.