election-2019

എന്റെ സഹോദരിയെ പരിചയപ്പെടൂ എന്ന മുഖവുരയോടെ പ്രിയങ്കാ ഗാന്ധി തന്നെയാണ് അവന്തികയെ പരിചയപ്പെടുത്തിയത്. റായ്ബറേലിയിലെ സരേനിയിൽ, പ്രിയങ്കയുടെ പ്രസംഗം കേൾക്കാൻ തിങ്ങിനിറഞ്ഞവർക്ക് ആദ്യം ആളെ പിടികിട്ടിയില്ല. മുൻ എം.പി അരുൺ നെഹ്റുവിന്റെ മകളാണിത്. എനിക്ക് സ്വന്തം സഹോദരിയെപ്പോലെ!- പ്രിയങ്ക പറഞ്ഞപ്പോൾ അവന്തികയുടെ മേൽവിലാസം മനസ്സിലായി. അപ്പോൾ നിറഞ്ഞ കൈയടി.

അതിന് കാരണമുണ്ട്. കോൺഗ്രസിൽ നിന്ന് ജനതാദൾ വഴി ബി.ജെ.പിയിലെത്തിയ കാലത്ത്, 1999 ൽ കോൺഗ്രസ് സ്ഥാനാർത്ഥി സതീഷ് ശർമ്മയ്‌ക്കെതിരെ മത്സരിച്ചയാളാണ് പലവട്ടം കേന്ദ്ര മന്ത്രിയായിരുന്ന അരുൺ നെഹ്‌റു. അതേ അരുൺ നെഹ്റുവിന്റെ മകളുടെ തോളിൽ കൈയിട്ട് പ്രിയങ്ക ചേർത്തുപിടിക്കുമ്പോൾ കൈയടിക്കണമല്ലോ.

പ്രിയങ്ക, സ്വന്തം സഹോദരിയെപ്പോലെ എന്നു പറഞ്ഞ് പരിചയപ്പെടുത്തിയ അവന്തികയെ വിശദമായി പരിചയപ്പെടാൻ നെഹ്‌റു കുടുംബചരിത്രം വഴി കുറച്ചു ദൂരം സഞ്ചരിക്കണം. ഇന്ദിരാ ഗാന്ധിയുടെ മുത്തച്ഛൻ ഗംഗാധർ നെഹ്റുവിന് രണ്ട് ആൺമക്കളായിരുന്നു- നന്ദലാൽ നെഹ്റുവും മോട്ടിലാൽ നെഹ്റുവും. മോട്ടിലാലിന്റെ പുത്രനാണ് ജവഹ‌ലാൽ നെഹ്റു. സഹോദരൻ നന്ദലാൽ നെഹ്റുവിന്റെ പുത്രൻ ശ്യാംലാൽ നെഹ്റു. അദ്ദേഹത്തിന്റെ പുത്രൻ ആനന്ദ്കുമാർ നെഹ്റു. ആനന്ദ്കുമാറിന്റെ മകൻ അരുൺ നെഹ്റു. അദ്ദേഹത്തിന്റെ പുത്രി അവന്തിക നെഹ്റു.

1999-ൽ റായ്ബറേലിയിൽ അരുൺ നെഹ്റുവിന് എതിരെ ക്യാപ്റ്റൻ സതീഷ് ശർമ്മയ്‌ക്കു വേണ്ടി പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി ഉണ്ടായിരുന്നു. അന്ന് അരുൺ നെഹ്റുവിന് എതിരെ അതിരൂക്ഷ വിമർശനമാണ് പ്രിയങ്ക നടത്തിയത്. "എന്റെ അച്ഛൻ പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തെ പിന്നിൽ നിന്നു കുത്തിയ ആളാണ് അരുൺ നെഹ്റു. സഹോദരനോട് അതു ചെയ്‌തയാളോട് നിങ്ങൾ ക്ഷമിക്കുമോ?" അന്ന് പ്രിയങ്ക ചോദിച്ചു. ആ ഒരൊറ്റ ചോദ്യമാണ് അന്നത്തെ തിരഞ്ഞെടുപ്പ് സാഹചര്യം സതീഷ് ശർമ്മയ്‌ക്ക് അനുകൂലമാക്കിയതും അരുൺ നെഹ്റുവിന്റെ പരാജയമുറപ്പിച്ചതും. അതേ അരുൺ നെഹ്റുവിന്റെ മകളുമായാണ് പ്രിയങ്ക കഴിഞ്ഞ ദിവസം റായ്‌ബറേലിയിൽ എത്തിയത്. സഹോദരിയെന്ന പരിചയപ്പെടുത്തലോടെ.