തിരുവനന്തപുരം: എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൊതുഭരണ വകുപ്പ് ഉത്തരവാക്കി പുറത്തിറക്കി. എല്ലാ വകുപ്പുകളിലും ആറുമാസത്തിനകവും സിവിൽ സ്റ്റേഷനുകളിൽ മൂന്നു മാസത്തിനകവും ശമ്പള സോഫ്‌റ്റ്‌വെയറായ സ്‌പാർക്കുമായി ബന്ധപ്പെടുത്തി പഞ്ചിംഗ് സംവിധാനം നടപ്പാക്കണം. സ്പാർക്ക് സംവിധാനം ഇല്ലാത്ത ഓഫീസുകളിൽ സ്വതന്ത്രമായി അറ്റൻഡൻസ് മാനേജ്മെന്റ് സംവിധാനമൊരുക്കണം. ഇവിടങ്ങളിൽ മേലുദ്യോഗസ്ഥർ ജീവനക്കാരുടെ ഹാജർ നിരീക്ഷിക്കണം.
എല്ലാ വകുപ്പുകളിലെയും ഓഫീസുകളിലും സ്ഥാപനങ്ങളിലും പഞ്ചിംഗ് നടപ്പാക്കേണ്ട ചുമതല വകുപ്പ് സെക്രട്ടറിമാർക്കും വകുപ്പ് മേധാവിക്കുമാണ്. എല്ലാ സ്ഥിരം ജീവനക്കാരെയും നിർബന്ധമായും ബയോമെട്രിക് സംവിധാനത്തിൽ ഉൾപ്പെടുത്തണം. ആധാർ അധിഷ്‌ഠിത ഹാജർ സംവിധാനം നാഷണൽ ഇൻഫോമാറ്റിക് സെന്ററിന്റെ സോഫ്‌റ്റ്‌വെയറിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന വ്യാപകമായി പഞ്ചിംഗ് മെഷീൻ സ്ഥാപിക്കുന്നതിന്റെ പരോഗതി ഐടി മിഷൻ നിരീക്ഷിക്കും. മെഷീനുകൾക്ക് ആവശ്യമായ ആപ്ലിക്കേഷൻ നാഷനൽ ഇൻഫർമാറ്റിക് സെന്റർ നൽകും. വകുപ്പ് മേധാവികൾക്ക് ഹാജർ മെഷീനുകൾ നേരിട്ടോ കെൽട്രോൺ വഴിയോ വാങ്ങാം. ഇതിനുള്ല ചെലവ് വകുപ്പുകളുടെ ബഡ്‌ജറ്റ് വിഹിതത്തിൽ നിന്ന് കണ്ടെത്തണമെന്നും പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവിലുണ്ട്.
ഇതോടെ അഞ്ചരലക്ഷത്തിലേറെ സർക്കാർ ജീവനക്കാർ ഇതോടെ പഞ്ചിംഗ് സംവിധാനത്തിന്റെ കീഴിലാകും. ഇപ്പോൾ സെക്രട്ടേറിയറ്റ് ഉൾപ്പെടെ പ്രധാന ഓഫീസുകളിൽ മാത്രമാണ് പഞ്ചിംഗ് മെഷീനെ ശമ്പള വിതരണ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. എല്ലായിടത്തും പഞ്ചിംഗ് ഏർപ്പെടുത്തുന്നതിനെപ്പറ്റി പഠിക്കാൻ നിയോഗിച്ച ടെക്‌നിക്കൽ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് ഉത്തരവ്.