patahanamthitata

പത്തനംതിട്ട: മഹാപ്രളയത്തെയും തോൽപ്പിച്ച് പത്തനംതിട്ടയിലെ പത്താംക്ലാസുകാർക്ക് പത്തരമാറ്റ് വിജയം പരീക്ഷ എഴുതിയവരിൽ 99.34 ശതമാനം പേരെയും വിജയിപ്പിച്ചാണ് പത്തനംതിട്ട ജില്ല ഇത്തവണയും തങ്ങളുടെ വിജയകഥ തുടർന്നത്. കഴിഞ്ഞ തവണ എറണാകുളത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്ന ജില്ല ഇത്തവണ സകലരെയും പിന്നിലാക്കി സംസ്ഥാനത്ത് ഒന്നാമതെത്തി.

10,852 കുട്ടികളാണ് ഇത്തവണ പത്തനംതിട്ട ജില്ലയിൽ പരീക്ഷ എഴുതിയത്. ഇതിൽ 10780 പേരും ജയിച്ചു,​ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാതെ പോയത് വെറും 72 പേർ മാത്രം. പ്രളയം ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന അപ്പർ കുട്ടനാട് മേഖല ഉൾപ്പെടുന്ന തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ 3979 പേരിൽ 3952 പേരും ജയിച്ചു. യോഗ്യത നേടാതെ പോയത് വെറും 27 പേർ. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ 6873 പേരിൽ 6828 പേരും ജയിച്ചു. യോഗ്യത നേടാതെ പോയത് 45 പേർ മാത്രം. ജില്ലയിലെ 168 സ്കൂളുകളിൽ 130 സ്കൂളുകൾ 100 ശതമാനം വിജയം നേടി 2016, 2017 വർഷങ്ങളിലും പത്തനംതിട്ടയായിരുന്നു സംസ്ഥാന തലത്തിൽ ഒന്നാമത്.

കേരളം നേരിട്ട മഹാപ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലകളിലൊന്നായിരുന്നു പത്തനംതിട്ട.

പ്രളയത്തെതുടർന്ന് പത്തനംതിട്ടയിലെ മിക്ക സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി മാറി. ഇതോടെ ഒരുപാട് അദ്ധ്യയന ദിനങ്ങൾ നഷ്ടമായി. വെള്ളമിറങ്ങി വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ഒഴുകിപ്പോയിരുന്നു. കുട്ടികളുടെ പഠനം പോലും തുലാസിലായി കൂടുതൽ അവധിക്കാല ക്യാമ്പുകൾ ഒരുക്കിയും നഷ്ടപ്പെട്ട നോട്ടുകൾ വീണ്ടും എഴുതിയും തളരാതെ പഠിച്ചുമാണ് പത്തനംതിട്ടയിലെ കുട്ടികളും അദ്ധ്യാപകരും ഈ വർഷവും വിജയകിരീടമണിഞ്ഞത്. പ്രളയത്തെ തോൽപ്പിക്കാനുള്ള ഇവരുടെ നിശ്ചയദാർഢ്യത്തിന് വിദ്യാഭ്യാസ വകുപ്പും പൂർണ പിന്തുണ നൽകി.