ആലപ്പുഴ: അദ്ധ്യയന ദിനങ്ങൾ ഉൾപ്പെടെ സർവതും പ്രളയം കവർന്നെങ്കിലും ആത്മവിശ്വാസത്തിന്റെയും അദ്ധ്യാപകരുടെയും പിന്തുണ കുട്ടനാട്ടിലെ കുട്ടികൾക്ക് മിന്നും വിജയമാണ് നൽകിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്തെ മറ്റ് ഉപജില്ലകളെ പിന്നിലാക്കി 99.91 ശതമാനം വിജയം നേടാൻ കുട്ടനാട് ഉപജില്ലയ്ക്ക് കഴിഞ്ഞു. 100 ശതമാനം വിജയം നേടിയ 31 സ്കൂളുകളിൽ അഞ്ചെണ്ണം സർക്കാർ സ്കൂളുകളാണെന്നതും അഭിമാന നേട്ടമായി.
പരീക്ഷ എഴുതിയ 2114 പേരിൽ 2112 പേരും വിജയിച്ചു. 150 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ്. കുട്ടനാട് ഉപജില്ലയ്ക്ക് കീഴിലുള്ള 33 സ്കൂളുകളിൽ 31 എണ്ണം 100 ശതമാനം വിജയം നേടി. തെക്കേക്കര ഗവ. സ്കൂളിലെയും കിടങ്ങറ ഗവ. സ്കൂളിലെയും ഓരോ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യോഗ്യത നേടാനായില്ല. തലവടി ജി.വി എച്ച്.എസ്.എസ്, കുപ്പപ്പുറം ജി.എച്ച്.എസ്.എസ്, മങ്കൊമ്പ് അവിട്ടം തിരുനാൾ ജി.വി എച്ച്.എസ്.എസ്, കെ.കെ.കുമാരപിള്ള സ്മാരക ജി.എച്ച്.എസ്, കരുമാടി കൊടുപ്പുന്ന ജി.എച്ച്.എസ് എന്നിവയാണ് 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ.
33 അദ്ധ്യയന ദിനങ്ങളാണ് പ്രളയം മൂലം കുട്ടികൾക്ക് നഷ്ടമായത്. മറ്റു ദിവസങ്ങളിൽ അധികനേരം കണ്ടെത്തിയും ശനിയാഴ്ചകളിൽ എക്സ്ട്രാ ക്ളാസെടുത്തുമായിരുന്നു ഇതിന് പരിഹാരം കണ്ടത്. പുതിയ പുസ്തകങ്ങൾ കൈമാറിയും കൗൺസലിംഗ് നൽകി പ്രളയത്തിന്റെ ഭീകരതയിൽ നിന്ന് കുട്ടികളെ സാധാരണ നിലയിലേക്ക് എത്തിച്ചതിനും ശേഷമായിരുന്നു പഠനം പുനരാരംഭിച്ചത്.
അദ്ധ്യാപകരുടെ കഠിനാദ്ധ്വാനവും കുട്ടികളുടെ വിജയതൃഷ്ണയുമാണ് നേട്ടത്തിനു പിന്നിൽ. -ധന്യ വി.കുമാർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ