കരുനാഗപ്പള്ളി: അന്ധകാരത്തിൽ അമർന്നിരുന്ന കേരള സമൂഹത്തെ വിദ്യയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ഋഷിവര്യനായിരുന്നു ശ്രീ വിദ്യാധിരാജാ ചട്ടമ്പിസ്വാമികളെന്ന് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 95-ാമതു മഹാസമാധി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പന്മന ആശ്രമത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണാധികാരികളാണ് പലപ്പോഴും ചരിത്രം നിർമ്മിക്കുന്നതെന്ന് പറഞ്ഞ സ്വാമി ചിദാനന്ദപുരി, ചരിത്ര ബോധത്തെയും നവോത്ഥാന നായകരുടെ പ്രവർത്തനങ്ങളെയും ഭരണാധികാരികൾ പലപ്പോഴും വളച്ചൊടിക്കാറുണ്ടെന്ന് അഭിപ്രായപ്പെട്ടു. നവോത്ഥാന നായകരെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതും സമൂഹത്തിന് ആപത്താണ്. നവകേരളത്തിന് പകരം ശുദ്ധകേരളമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നവോത്ഥാന നായകർക്ക് പ്രചോദനമായത് ചട്ടമ്പിസ്വാമികളുടെ പ്രവർത്തനങ്ങളായിരുന്നു. ചട്ടമ്പി സ്വാമികളുടെ വേദാധികാര നിരൂപണം എന്ന ഗ്രന്ഥം പുനരാവിഷ്കരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും നമ്മൾ ചരിത്ര ബോധമുള്ളവരായിരിക്കണം. സനാതന ധർമ്മത്തെ വികലമാക്കുന്ന ബോധപൂർവമായ പ്രവർത്തനങ്ങൾ ഇന്ന് സാർവത്രികമായി നടക്കുന്നുണ്ട്. ഇത് കണ്ടറിയാനും പ്രതിരോധിക്കാനും സ്വാമി ഭക്തർക്ക് കഴിയണം. സമ്മേളനത്തിൽ വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദസ്വാമി അദ്ധ്യക്ഷത വഹിച്ചു. സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ ആദ്ധ്യാത്മാനന്ദസരസ്വതി മുഖ്യാതിഥിയായിരുന്നു. ശിവഗിരിമഠത്തിലെ സ്വാമി ബോധിതീർത്ഥ, സ്വാമി കല്യാൺജി എന്നിവർ പ്രഭാഷണം നടത്തി. പന്മന ആശ്രമ മഠാധിപതി പ്രണവാനന്ദ തീർത്ഥപാദർ വിദ്യാധിരാജ സന്ദേശം നൽകി. ആശ്രമം ജനറൽ സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ സ്വാഗതവും പന്മന മഞ്ജേഷ് നന്ദിയും പറഞ്ഞു. ഇന്നലെ രാവിലെ 7.30ന് മഹാസമാധിയിൽ പ്രജ്ഞാനാനന്ദ സ്വാമി ഭദ്രദീപം തെളിച്ചതോടെ ആചരണ പരിപാടികൾക്ക് തുടക്കമായി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നു ഭക്തർ പന്മന ആശ്രമത്തിൽ എത്തി മഹാസമാധിയിൽ പ്രണമിച്ചു.