risat-

ന്യൂഡൽഹി∙ പാക്ക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന റഡാർ ഇമേജിംഗ് സാറ്റലൈറ്റിന്റെ (റിസാറ്റ്– 2ബിആർ1) വിക്ഷേപണം മേയ് 22ന് നടക്കും.ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽനിന്നാണ് വിക്ഷേപണമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

റിസാറ്റ് പരമ്പരയിൽ ഏറ്റവും ഉയർന്ന ശേഷിയുള്ളതാണ് റിസാറ്റ്–2 ബി.ആർ 1. പഴയ ഉപഗ്രഹത്തിനോട് സാദൃശ്യമുണ്ടെങ്കിലും ഘടനയിൽ വ്യത്യാസമുണ്ടെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ അറിയിച്ചു. നിരീക്ഷണത്തിനും ചിത്രങ്ങൾ പകർത്തുന്നതിലും ഉപഗ്രഹത്തിന് മികച്ചശേഷിയാണുള്ളത്. റിസാറ്റിലെ എക്സ്–ബാൻഡ് സിനെതിക് അപർചർ റഡാർ (എസ്.എ.ആർ) സംവിധാനത്തിന് പകലും രാത്രിയിലും ഒരുപോലെ പ്രവർത്തിക്കാൻ കഴിയും. കൂടാതെ കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ശേഷിയും ഉപഗ്രഹത്തിന് ഉണ്ടായിരിക്കും.

ഭൗമോപരിതലത്തിലെ കെട്ടിടമോ മറ്റെന്തെങ്കിലും വസ്തുക്കളെയോ ഒരു ദിവസം കുറഞ്ഞത് രണ്ടോ, മൂന്നോ തവണയെങ്കിലും പകർത്താൻ ഉപഗ്രഹത്തിനു ശേഷിയുണ്ട്. പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ നിരീക്ഷിക്കുക. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങൾ പരിശോധിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. ഇന്ത്യൻ അതിർത്തികളിലെ എല്ലാ ഭീഷണികളെയും ഇല്ലാതാക്കാൻ ഉപഗ്രഹത്തിന്റെ പ്രവർത്തനം കരുത്താകും.

കപ്പലുകളുടെ സഞ്ചാരവും പരിശോധിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും അറബിക്കടലിലെ പാക്ക് യുദ്ധക്കപ്പലുകളും ഉപഗ്രഹത്തിന്റെ നിരീക്ഷണവലയത്തിൽപ്പെടും. റിസാറ്റ് പരമ്പരയിലെ പഴയ ഉപഗ്രഹങ്ങളിൽനിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ചാണ് 2016ൽ സർജിക്കല്‍ സ്ട്രൈക്കിനും ഈ വർഷം ബാലാക്കോട്ട് വ്യോമാക്രമണത്തിനും ഇന്ത്യ ആസൂത്രണങ്ങൾ നടത്തിയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലുള്ള ഐ.എസ്.ആർ.ഒയുടെ ശേഷിയും റിസാറ്റ് വർധിപ്പിക്കും. 536 കിലോമീറ്റർ ഉയരത്തിൽനിന്നാണ് 24 മണിക്കൂറും ഉപഗ്രഹം അതിർത്തികൾ നിരീക്ഷിക്കുക.