കൊച്ചി: ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ സബ്-കോംപാക്‌റ്ര് എസ്.യു.വിയായ വെന്യൂവിന്റെ നിർമ്മാണം ചെന്നൈ ശ്രീപെരുമ്പുതൂരിലെ പ്ളാന്റിൽ ആരംഭിച്ചു. ഹ്യുണ്ടായിയുടെ പ്രഥമ 'മെയ്‌ഡ് ഇൻ ഇന്ത്യ" സബ്‌കോംപാക്‌റ്ര് എസ്.യു.വിയാണ് വെന്യൂ. കഴിഞ്ഞമാസം 17നാണ് വെന്യൂവിനെ ഹ്യുണ്ടായ് പരിചയപ്പെടുത്തിയത്. അന്നുതന്നെ 2,000 യൂണിറ്റുകളുടെ ബുക്കിംഗ് സ്വന്തമാക്കി വെന്യൂ ശ്രദ്ധ നേടിയിരുന്നു. ഈമാസം 21ന് വെന്യൂ വിപണിയിലെത്തും.
ഡിസൈനിംഗിലെ വ്യത്യസ്‌തതയാണ് വെന്യൂവിന്റെ പ്രധാന സവിശേഷത. എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റോട് കൂടിയ സ്‌പ്ളിറ്ര് ഹെഡ്‌ലാമ്പ്, ബോണറ്രിന് താഴെയായി ഇടംപിടിച്ച ഇൻഡിക്കേറ്രറുകൾ, ബമ്പറിന് താഴെ ചിൻ പ്ളേറ്റുകൾ, അതിൽ വെള്ളിയിൽ പൊതിഞ്ഞ ഫോഗ്‌ലാമ്പുകൾ, കാസ്‌കേഡ് ഫ്രണ്ട് ഗ്രിൽ എന്നിവയാണ് മുൻഭാഗത്തെ ശ്രദ്ധേയമാക്കുന്നത്. ഫുൾ ബ്ളാക്ക് തീമാണ് അകത്തളത്തിൽ. അതിൽ, എ.സി വെന്റുകളിലും ഡോർ ഹാൻഡിലുകളിലും വെള്ളിയുടെ അതിർവരമ്പുകൾ കാണാം. ആധുനിക സൗകര്യങ്ങളടങ്ങിയ ഇൻഫോടെയ്‌ൻമെന്റ് സ്‌ക്രീനും ഒരുക്കിയിരിക്കുന്നു. 1.0 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എൻജിനുകളാണുള്ളത്. 1.2 ലിറ്റർ മോഡലിൽ 5-സ്‌പീഡ് മാനുവലും മറ്റ് രണ്ട് എൻജിൻ ഓപ്‌ഷനുകളിലും 6-സ്‌പീഡ് മാനുവലുമാണ് ഗിയർ ട്രാൻസ്‌മിഷൻ. 1.0 ടർബോചാർജ്‌ഡ് എൻജിനൊപ്പം 7-സ്‌പീഡ് ഡ്യുവൽ ക്ളച്ച് ട്രാൻസ്‌മിഷനും ലഭ്യമാണ്. ആകർഷകമായ ഏഴ് നിറഭേദങ്ങളിൽ വെന്യൂ ലഭിക്കും.