ന്യൂഡൽഹി: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ ഡൽഹിയിൽ ആംആദ്മിക്ക് തിരിച്ചടി നൽകി എം.എൽ.എമാരുടെ കൂറുമാറ്റം. നാല് ദിവസത്തിനിടെ രണ്ട് എം.എൽ.എമാരാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ബിജ്വാസൻ മണ്ഡലത്തിലെ എം.എൽ.എയായ ദേവീന്ദർ സെറാവത്താണ് തിങ്കളാഴ്ച ബി.ജെ.പിയിൽ ചേർന്നത്.
പഞ്ചാബിലെ ആംആദ്മി നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചതിന് ദേവീന്ദർ സെറാവത്തിനെ 2016 സെപ്റ്റംബറിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ സംഭവം ബി.ജെ.പി മുതലെടുത്തതോടെ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ആം ആദ്മിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. അതേസമയം, രാജ്യ സുരക്ഷയ്ക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘ വീക്ഷണത്തിൽ ആകൃഷ്ടനായിട്ടാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് ദേവീന്ദർ സെറാവത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ആംആദ്മിയുടെ മറ്റൊരു എം.എൽ.എയായ അനിൽ വാജ്പേയ് പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു.
അതേസമയം, നരേന്ദ്ര മോദി എം.എൽ.എമാരെ വിലയ്‌ക്കെടുക്കുകയാണെന്ന് എ.എ.പി നേതാവ് അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. റാഫേൽ അഴിമതിയിലൂടെ ലഭിച്ച പണമുപയോഗിച്ചാണ് എം.എൽ.എമാരെ വിലയ്ക്കുവാങ്ങുന്നത്. എത്ര എം.എൽ.എമാരെ വിലയ്‌ക്കെടുത്തുവെന്ന് ബി.ജെ.പി വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.