news

1. തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ശിശുക്ഷേമ സമിതി. നടപടി, ശിശുസംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്. ബാലനീതി നിയമം 75 പ്രകാരമാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കുന്ന വകുപ്പാണിത്. അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിലാണ് ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ടത്

2. കുട്ടിയുടെ അമ്മ നിലവില്‍ എറണാകുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. ഏഴ് വയസുകാരന്റെ ഇളയ സഹോദരനെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. ശിശുക്ഷേമ സമിതിയുടെ തീരുമാനം പ്രകാരമാണ് നടപടി. കുട്ടിയെ കൈമാറാനാവില്ലെന്ന് അമ്മൂമ്മ നിലപാട് എടുത്തതോടെ പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്റെ മാതാപിതാക്കള്‍ക്ക് കൈമാറുക ആയിരുന്നു.

3. കാസര്‍കോട് പിലാത്തറയിലെ കള്ളവോട്ട് സംഭവത്തില്‍ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ സി.പി.എം പഞ്ചായത്ത് അംഗം എം.പി സലീനയെ അയോഗ്യയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ടിക്കാറം മീണ. അയോഗ്യത എന്ന വാക്ക് ശുപര്‍ശയില്‍ പരാമര്‍ശിച്ചിട്ടില്ല. സംഭവത്തില്‍ നടപടി എടുക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും പ്രതികരണം. ടിക്കാറാം മീണ മറുപടിയുമായി രംഗത്ത് എത്തിയത്, പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാനുള്ള ശുപാര്‍ശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതോടെ

4. ചെറുതാഴം പഞ്ചായത്ത് അംഗം എം.പി സലീനയെ അയോഗ്യയാക്കാന്‍ ആയിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ശുപാര്‍ശ ചെയ്തത്. ഇത്തരം ഒരു ശുപാര്‍ശ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധികാര പരിതിയില്‍ വരുന്നത് അല്ലെന്ന കണ്ടെത്തലോടെ ആയിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. സലീനയുടേത് ഓപ്പണ്‍ വോട്ട് ആണെന്ന് സി.പി.എം വാദം ഉയര്‍ത്തിയതിന് പിന്നാലെ ആണ് സലീന് ബൂത്ത് മാറി വോട്ട് ചെയ്തത് ആണെന്ന് തെളിഞ്ഞത്.

5. കോടതി ശിക്ഷിക്കാതെ സലീനയെ അയോഗ്യ ആക്കാന്‍ കഴിയില്ല എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട്. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റി എന്നും എം.പി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണം എന്നും ആയിരുന്നു ടീക്കാറാം മീണ അറിയിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് കൈമാറും

6. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് എതിരായ ലൈംഗിക ആരോപണ പരാതി തള്ളി അന്വേഷണ സമിതി. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സമിതിയുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തിട്ടില്ലെന്നും പ്രതികരണം. സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് കൈമാറി

7. നേരത്തെ അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിയായ യുവതി അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് ചീഫ് ജസ്റ്റിസിന് എതിരായ പരാതി അന്വേഷിച്ചത്. ക്ലറിക്കല്‍ തസ്തികയിലുള്ള യുവതിയാണ് ചീഫ് ജസ്റ്റിസിന് എതിരെ ആരോപണം ഉന്നയിച്ച് 22 ജഡ്ജിമാര്‍ക്ക് കത്തെഴുതിയത്

8. പരാതി ചര്‍ച്ച ചെയ്യാന്‍ ഇതിന് പിന്നാലെ സുപ്രീംകോടതിയില്‍ നാടകീയമായി അടിയന്തര സിറ്റിംഗ് വിളിച്ച് ചേര്‍ത്തിരുന്നു. കോടതിയില്‍ മുതിര്‍ന്ന ജഡ്ജിമാരും അറ്റോര്‍ണി ജനറലും അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ചീഫ് ജസ്റ്റിസ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. പരാതിയ്ക്ക് പിന്നില്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ഗൂഢാലോചന ആണെന്നും പരാതിക്കാരിയുടെ പിന്നില്‍ മറ്റ് ആരോ ഉണ്ടെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാദം

9. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ പരാതിയുമായി കോണ്‍ഗ്രസ്. മോദിയ്ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതി നല്‍കി. രാജീവ് ഗാന്ധി അഴിമതിക്കാന്‍ എന്ന് ആയിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. ഇതിന് എതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രംഗത്ത് എത്തിയിരുന്നു. അതിനിടെ, രാജീവ് ഗാന്ധി അഴിമതിക്കാരന്‍ എന്ന് ആവര്‍ത്തിച്ച് മോദി. ബോഫേഴ്സ് ആരോപിതന്‍ ആയ രാജീവിന്റെ പേരില്‍ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടണം എന്ന് മോദി

10. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയും ബംഗാളും ഫോനി ചുഴലിക്കാറ്റ് ഭീഷണിയില്‍ ആയിരിക്കുമ്പോഴും മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്ട്രീയം കളിച്ചെന്നും ധാര്‍ഷ്ട്യത്തോടെ പെരുമാറി എന്നും പ്രധാനമന്ത്രി. സംസ്ഥാനത്ത് പ്രകൃതി ദുരന്തം ഉണ്ടായപ്പോഴും അവര്‍ രാഷ്ട്രീയ പ്രചാരണം നടത്തുക ആയിരുന്നു. ഫോണില്‍ സംസാരിക്കാന്‍ പോലും തയാറായില്ലെന്നും മോദി ആരോപിച്ചു.

11. ചുഴലിക്കാറ്റ് ഒഡീഷയിലും ബംഗാള്‍ തീരപ്രദേശങ്ങളിലും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര യോഗങ്ങളെ കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മമത ബാനര്‍ജി മറുപടി നല്‍കിയില്ല. ആരോപണം, ഒഡീഷയിലെ ഫോനി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ബംഗാളിലെ താംലുക്കിലെ റാലിയില്‍ സംസാരിക്കവെ. ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും സ്പീഡ്‌ബ്രേക്കര്‍ ദീദി രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത് എന്നും പ്രധാനമന്ത്രി പറഞ്ഞു

12. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം പേര്‍ വിജയിച്ചു. വിജയശതമാനം കൂടുതല്‍ പത്തനംതിട്ടയില്‍ 99.33ശതമാനം. കുറഞ്ഞ വിജയ ശതമാനം വയനാട്ടില്‍ 93.22. 1631 സ്‌കൂളുകള്‍ക്ക് നൂറുമേനി ലഭിച്ചു. ഇതില്‍ 599 എണ്ണവും സര്‍ക്കാര്‍ സ്‌കൂളുകള്‍ ആണ്. കേരളത്തിലും ലക്ഷദ്വീപിലുമായി 2939 സന്റെറുകള്‍ വഴി 4,34,829 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. 37,334 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയ ജില്ല മലപ്പുറം. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.