election-2019

തൊഴിലില്ലായ്‌മയ്‌ക്കെതിരെ പൊരുതാൻ റിംഗിൽ കയറിയ മോദി ഒടുവിൽ കോച്ച് എൽ.കെ. അദ്വാനിയെ ഇടിച്ചിട്ട ബോക്‌സർ ആയി. തനിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് അദ്ദേഹം അഹങ്കാരം പറയുന്നു. കർഷകരുടെ പ്രശ്‌നങ്ങൾക്കും അഴിമതിക്കുമെതിരെ പോരാട്ടം നയിക്കുമെന്നു പറഞ്ഞാണ് മോദി അധികാരത്തിൽ കയറിയത്. കോച്ച് അജ്വാനിജി, നിതിൻ ഗഡ്കരിയെപ്പോലുള്ള ടീം അംഗങ്ങൾ... അവരൊക്കെ കളത്തിലുണ്ടായിരുന്നു. അദ്വാനിജിയുടെ മുഖം നോക്കി ഒരു പഞ്ച് കൊടുക്കുകയാണ് മോദി ആദ്യം ചെയ്‌തത്. അതിനു ശേഷം ഗബ്ബ‌ർസിംഗ് ടാക്‌സ് (ജി.എസ്.ടി) ഏർപ്പെടുത്തി ചെറുകിട കച്ചവടക്കാരെ ഇടിച്ചുവീഴ്‌ത്തി. (രാഹുൽ ഗാന്ധി ഹരിയാനയിലെ ഭിവാനിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ. രാജ്യത്തിന്റെ ബോക്‌സിംഗ് നഴ്‌സറിയെന്ന് അറിയപ്പെടുന്ന ഭിവാനി മണ്ഡലത്തിൽ മേയ് 12-നാണ് പോളിംഗ്. മുൻ എം.പിയും മുൻ ഹരിയാന മുഖ്യമന്ത്രി ബൻസിലാലിന്റെ ചെറുമകളുമായ ശ്രുതി ചൗധരിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥി സിറ്റിംഗ് എം.പി ധരംവീർ) ദീദിയെ വിളിച്ചിട്ട് ഫോണെടുത്തില്ല ബംഗാളിൽ ഫോനി ചുഴലിക്കാറ്റ് വീശുന്നതിനു മുമ്പ് ഞാൻ മുഖ്യമന്ത്രി മമതാ ബാനർജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണെടുത്തില്ലെന്നു മാത്രമല്ല, ദീദി തിരികെ വിളിച്ചതുമില്ല. ചുഴലിക്കാറ്റിന്റെ പേരിൽ മമത രാഷ്‌ട്രീയം കളിക്കുകയാണ്. (പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെ താംലുക് മണ്ഡലത്തിലെ തിരഞ്ഞെടുപ്പു റാലിയിൽ ഇന്നലെ രാവിലെ പറഞ്ഞത്) എനിക്ക് ഒന്നും പറയാനില്ല പ്രധാനമന്ത്രി വിളിച്ച സമയത്ത് ചുഴലിക്കാറ്റ് നാശംവിതച്ച സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ഞാൻ. അതുകൊണ്ടാണ് ഫോണെടുക്കാൻ കഴിയാതിരുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സമയമല്ലേ... ഞാൻ എന്തിന് കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമായി (എക്‌സ്‌പയറി പി.എം) വേദി പങ്കിടണം? (ബാംഗാളിലെ ബിഷ്‌ണുപൂരിലെ റാലിയിൽ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രിക്കു നൽകിയ മറുപടി) ........................... ഒഡിഷയിൽ ഫോനി ദുരിതബാധിത മേഖലകൾ ഹെലികോ‌പ്ടറിൽ സന്ദർശിച്ച മോദി, മുഖ്യമന്ത്രി നവീൻ പട്നായികുമായി നേരിൽ സംസാരിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. അത്തരം യോഗം ബംഗാളിലും നടത്താൻ ഉദ്ദേശിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മമതയുടെ ഓഫീസിലേക്ക് വിളിച്ചെങ്കിലും, എല്ലാവരും തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കിലാണെന്നായിരുന്നു മറുപടി. ............................ ആറാം ഘട്ടം ഞായറാഴ്‌ച ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിൽ ഏഴു സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങൾ മേയ് 12 ഞായറാഴ്‌ച വിധിയെഴുതും. ഉത്തർപ്രദേശിലെ 14 ലോക്‌സഭാ മണ്ഡലങ്ങൾ സമ്മതിദാനം രേഖപ്പെടുത്തുന്നത് ഈ ഘട്ടത്തിലാണ്. ഹരിയാനയിലെ 10, പശ്ചിമ ബംഗാളിലെയും ബീഹാറിലെയും മദ്ധ്യപ്രദേശിലെയും എട്ടു വീതം, ‌ഡൽഹിയിലെ ഏഴ്, ‌ജാർഖണ്ഡിലെ നാല് മണ്ഡലങ്ങളും ഞായറാഴ്‌ച പോളിംഗ് ബൂത്തിലെത്തും. ഹരിയാനയിലെയും ഡൽഹിയിലെയും മുഴുവൻ മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. 19-ന് ഏഴാം ഘട്ട വോട്ടെടുപ്പോടെ പതിനേഴാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയാകും. എല്ലായിടത്തെയും വോട്ടെണ്ണൽ മേയ് 23 ന്.