വാഷിംഗ്‌ടൺ: ഒരിടവേളയ്ക്ക് ശേഷം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയുമായി അമേരിക്കയും ചൈനയും വീണ്ടും വ്യാപാരപ്പോര് തുടങ്ങി. ചൈനയിൽ നിന്ന് അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന 20,000 കോടി ഡോളർ മൂല്യം വരുന്ന ഉത്‌പന്നങ്ങൾക്ക് നിലവിലെ പത്തു ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേക്ക് നികുതി ഉയർത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മേയ് 10ന് പുതിയ നികുതി പ്രാബല്യത്തിൽ വരും.

ചൈനയുമായുള്ള വ്യാപാരത്തിൽ അമേരിക്കയ്ക്കുള്ള 'വ്യാപാരക്കമ്മി" കുറയ്ക്കുകയാണ് ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. വ്യാപാരയുദ്ധത്തിന് സമവായം തേടി ചൈനീസ് പ്രതിനിധികൾ നാളെ വാഷിംഗ്‌ടണിൽ എത്താനിരിക്കേയാണ് ട്രംപിന്റെ പ്രഖ്യാപനമെന്ന കൗതുകവുമുണ്ട്. കഴിഞ്ഞ പത്തുമാസത്തോളമായി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന 5,000 കോടി ഡോളർ മൂല്യമുള്ള ഹൈടെക്ക് ഉത്‌പന്നങ്ങൾക്ക് 25 ശതമാനവും 20,000 കോടി ഡോളർ മൂല്യമുള്ള മറ്റുത്‌പന്നങ്ങൾക്ക് പത്തു ശതമാനവും ഇറക്കുമതി ചുങ്കമാണ് (നികുതി) ചൈന നൽകുന്നത്.

എന്നാൽ, ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തമ്മിൽ നടന്ന ചർച്ചയുടെ ഫലമായി ഡിസംബർ മുതൽ അധിക നികുതി ഈടാക്കില്ലെന്ന് അമേരിക്ക തീരുമാനിച്ചിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ ട്രംപിന്റെ ചുവടുമാറ്റം. വ്യാപാരയുദ്ധം സംബന്ധിച്ച തുടർചർച്ചകളിൽ ചൈന മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നുവെന്ന വിമർശനവും ട്രംപ് ഉയർത്തിയിട്ടുണ്ട്. 37,873 കോടി ഡോളറിന്റെ വ്യാപാരക്കമ്മിയാണ് ചൈനയുമായി അമേരിക്കയ്ക്കുള്ളത്.

ഓഹരി വിപണിയിൽ

വൻ തകർച്ച

അമേരിക്ക-ചൈന വ്യാപാരപ്പോര് വീണ്ടും രൂക്ഷമായതോടെ ആഗോള തലത്തിൽ ഓഹരി വിപണികൾ തകർന്നടിഞ്ഞു. നികുതി കൂട്ടുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന്, ചൈനീസ് ഓഹരികളിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവലിഞ്ഞു. ഷാങ്‌ഹായ് വിപണി അഞ്ച് ശതമാനം നഷ്‌ടം നേരിട്ടു. ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്‌സ് 362 പോയിന്റും നിഫ്‌റ്റി 114 ശതമാനവും ഇടിഞ്ഞു. സെൻസെക്‌സിലെ നിക്ഷേപകർക്ക് ഇന്നലെ മാത്രം നഷ്‌ടമായത് 1.24 ലക്ഷം കോടി രൂപയാണ്.

''അമേരിക്ക-ചൈന വ്യാപാരയുദ്ധം ഈ ലോകത്തിനാകെ ഭീഷണിയാണ്. ചൈനീസ് ഉത്‌പന്നങ്ങൾക്ക് നികുതി കൂട്ടാനുള്ള അമേരിക്കൻ നീക്കം സ്ഥിതി കൂടുതൽ വഷളാക്കും. ബെർക്‌ഷെയർ ഹാത്തവേയ്ക്ക് ചൈനയിൽ വൻ നിക്ഷേപങ്ങളുണ്ട്. കമ്പനിയുടെ എല്ലാ നിക്ഷേപ മേഖലകളിലും തിരിച്ചടിയുണ്ടാകും"
വാറൻ ബഫറ്റ്, ചെയർമാൻ,

ബെർക്‌ഷെയർ ഹാത്തവേ