ആലപ്പുഴ: എൻ.ഡി.എ കേരളത്തിൽ മൂന്ന് സീറ്റിൽ വിജയിക്കുമെന്ന് സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിനെപ്പറ്റി വിലയിരുത്താൻ ചേർത്തലയിൽ ചേർന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിന്റെയും എക്സിക്യൂട്ടിവ് യോഗത്തിന്റെയും തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മണ്ഡലത്തിലും എൻ.ഡി.എയ്ക്ക് വോട്ട് കൂടും.
ഇരുപത് മണ്ഡലങ്ങളിലും ബി.ഡി.ജെ.എസും ബി.ജെ.പിയും യോജിച്ചുള്ള പ്രവർത്തനമായിരുന്നു. വിജയസാദ്ധ്യതയില്ലാത്ത മണ്ഡലങ്ങളിൽ വോട്ട് യു.ഡി.എഫിന് മറിച്ചിട്ടില്ല. അത് പെട്ടി പൊട്ടിക്കുമ്പോൾ മനസിലാകും. എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരും. എൻ.ഡി.എയുടെ മുന്നേറ്റം ഇരുമുന്നണിയെയും ബാധിക്കും.
വയനാട്ടിൽ ബി.ജെ.പി സഹായിച്ചില്ലെന്ന ആക്ഷേപത്തെപ്പറ്റി ബി.ഡി.ജെ.എസ് വയനാട് ജില്ലാ പ്രസിഡന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം കിട്ടിയശേഷം എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കും. ബി.ജെ.പി സാമ്പത്തികമായി സഹായിച്ചില്ലെന്ന ആരോപണം ശരിയല്ല. ബി.ഡി.ജെ.എസ് മത്സരിച്ച മണ്ഡലങ്ങളിൽ നിന്ന് ബി.ജെ.പി പ്രവർത്തകർ മറ്റ് മണ്ഡലങ്ങളിൽ പോയി പ്രചാരണം നടത്തിയെന്ന ആരോപണമുണ്ടല്ലോ എന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അത് സ്വാഭാവികമാണെന്ന് തുഷാർ പറഞ്ഞു. വയനാട്ടിൽ തന്റെ പ്രചാരണത്തിന് പലഭാഗങ്ങളിൽ നിന്നും ബി.ഡി.ജെ.എസിന്റെ പ്രവർത്തകരെത്തി. വയനാട്ടിൽ രാഹുൽ ഗാന്ധി വിജയിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോൾ ജനറൽ സെക്രട്ടറിയല്ല, ജനങ്ങളാണ് അവിടെ വോട്ട് ചെയ്തതെന്ന് തുഷാർ പറഞ്ഞു. വയനാട്ടിൽ പ്രചാരണത്തിന് മൂന്ന് കേന്ദ്ര മന്ത്രിമാരാണ് വന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള മൂന്ന് തവണ വന്നു.
ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് തൃശൂരിൽ നിന്ന് വയനാട്ടിലേക്ക് മാറി മത്സരിച്ചത്. എൻ.ഡി.എ അധികാരത്തിൽ വന്നാൽ
ബി.ഡി.ജെ.എസിന് അർഹമായ പങ്കാളിത്തം കിട്ടുമെന്ന് നേരത്തേ ഉറപ്പ് കിട്ടിയിട്ടുണ്ട്. കിട്ടിയില്ലെങ്കിൽ മുന്നണിയിൽ തുടരില്ലെന്നും തുഷാർ പറഞ്ഞു.
ജനറൽ സെക്രട്ടറിമാരായ ടി.വി. ബാബു, സുഭാഷ് വാസു, വൈസ് പ്രസിഡന്റുമാരായ കെ. പത്മകുമാർ, രാജേഷ് നെടുമങ്ങാട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.