തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നിൽ ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകർക്കാനുള്ള ശ്രമമാണെന്ന് പി.സി ജോർജ് എം.എൽ.എ പറഞ്ഞു. വിലക്കിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും മനുഷ്യന്റെ സംസ്‌കാരത്തെ തകർക്കാനുള്ള നീക്കത്തിനെതിരേ വിശ്വാസികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ പൂരത്തിന്റെ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടതുമുന്നണി തിരഞ്ഞെടുപ്പിൽ അനുഭവിക്കുമെന്നും പി.സി.ജോർജ് പറഞ്ഞു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി. വിജയിച്ചുകഴിഞ്ഞു. തൃശൂരിൽ അട്ടിമറി വിജയം പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പിണറായി വിജയൻ ധാർമ്മികത മുൻനിർത്തി മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടി വരുമെന്നും പി.സി.ജോർജ് വ്യക്തമാക്കി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഗുരുവായൂരിൽ രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ആദ്യം 15 ദിവസത്തേക്ക് ഏഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഈ വിലക്ക് തുടരാൻ പിന്നീട് വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.