കൊടുംകുറ്റവാളിയെ സാഹസികമായി പിടികൂടിയ വനിതാപൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദന പ്രവാഹം. ഗുജറാത്തിലെ കുപ്രസിദ്ധ കൊള്ളക്കാരനായ അല്ലാരാഖാ സാന്ദിനെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡിലെ എസ്.ഐമാരായ സന്തോക് ഒഡേഡാര, നിത്മിക ഗോഹിൽ, അരുണ ഗമേതി, ശകുന്തള മാൽ എന്നവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കൊലപാതകം, മോഷണം, തട്ടിക്കൊണ്ടു പോകൽ എന്നിങ്ങനെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ജുസാബ്. കഴിഞ്ഞ വർഷം ജൂണിൽ പരോളില്‍ ഇറങ്ങിയ ശേഷം ഇയാൾ പൊലീസിനെ കബളിപ്പിച്ച് ബോട്ടാഡ് ജില്ലയിലെ കാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ പിടികൂടണമെന്ന ദൗത്യമാണ് ഇൗ വനിതകൾ ഏറ്റെടുത്തത്. പ്രാദേശിക പൊലീസ് പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട ദൗത്യമാണ് ഇവർ വിജയിപ്പിച്ചത്.
ജുസാബ് ബോട്ടാഡിലെ ഒരു പ്രദേശത്ത് കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു നീക്കം. എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള വനത്തിൽ ഇയാൾ ഒളിത്താവളങ്ങൾ പലതവണ മാറ്റിയിരുന്നതായും ദൗത്യസേനയിലെ അംഗങ്ങൾ പറയുന്നു. ശനിയാഴ്ച രാത്രിയോടെയാണ് ദൗത്യസേന കാട്ടിൽ പ്രവേശിച്ചത്. ജുസാബിന്റെ പക്കൽ തോക്കുണ്ടായിരുന്നു. മുൻപ് പൊലീസ് സംഘത്തിന് നേരെ ഇയാൾ വെടിവച്ചതിന്റ പശ്ചാത്തലത്തിൽ പുലർച്ചയോടെയാണ് ദൗത്യസേന ഇയാളുടെ താവളം വളഞ്ഞത്. ഇതിന് പിന്നാലെ താത്കാലിക ഷെഡ്ഡിലെത്തി സാഹസികമായി ജുസാബിനെ കീഴ്പ്പെടുത്തുകയായിരുന്നു. കൊള്ളക്കാരനെ ധീരമായി കീഴ്പ്പെടുത്തിയ ദൗത്യസേനയ്ക്ക് അഭിനന്ദനപ്രവാഹമാണ്. സൈബർ ലോകത്തും ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.