suresh-kallada

കൊച്ചി: ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന 'സുരേഷ് കല്ലട' ബസിൽ യാത്രക്കാർക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനു ഹാജരാകാൻ ബസ് ഉടമ കെ.ആർ. സുരേഷ് കുമാറിനും 2 ഡ്രൈവർമാർക്കും മോട്ടോർ വാഹനവകുപ്പ് നോട്ടിസ് നൽകി. തമിഴ്നാട് സ്വദേശികളായ കുമാർ, അൻവറുദ്ദീൻ എന്നിവർക്കാണ് 5 ദിവസത്തിനകം കാക്കനാട്ടെ ഓഫിസിൽ ഹാജരാകാൻ ആർടിഒ ജോജി പി. ജോസ് നോട്ടിസ് നൽകിയത്.

ബസിന്റെ പെർമിറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണു സുരേഷ് കുമാറിനു നോട്ടിസ് നൽകിയത്. മർദ്ദന കേസിൽ പ്രതികളായ സാഹചര്യത്തിൽ ലൈസൻസ് റദ്ദാക്കുന്നതു സംബന്ധിച്ചാണു ഡ്രൈവർമാർക്കു നോട്ടിസ്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാർ മർദ്ദിച്ച് ബസിൽനിന്ന് ഇറക്കിവിട്ടത്. ബസിൽ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കൾക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്.