rafale

ന്യൂഡൽഹി: റാഫേൽ പുനഃപരിശോധനാഹർജിയിൽ വാദം സുപ്രീംകോടതി മേയ് 10ലേക്ക് മാറ്റി. കാവൽക്കാരൻ കള്ളൻ പരാമർശത്തിൽ രാഹുൽഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജിയും അന്ന് പരിഗണിക്കും. രണ്ടു ഹർജികളും ഇന്നലെ ഒരുമിച്ച് പരിഗണിക്കുമെന്നാണ് ഏപ്രിൽ 30ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അറിയിച്ചിരുന്നത്. എന്നാൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവിൽ റിവ്യൂ ഹർജി മേയ് 6നും കോടതിയലക്ഷ്യ ഹർജി കോടതി വേനലവധിക്ക് പിരിയുന്നതിന് മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായ മേയ് 10നുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെ ഉച്ചയോടെ റിവ്യൂ ഹർജിയിൽ വാദം കേൾക്കാൻ തുടങ്ങവെ ഇത് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ്ജസ്റ്റിസിൻറെ ശ്രദ്ധയിൽ ഇക്കാര്യമെത്തിയത്. തുടർന്ന് വെബ്സൈറ്റിൽ തെറ്റായി ഉത്തരവ് പ്രസിദ്ധീകരിച്ചതിൽ ചീഫ്ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി. ''ഇത് എങ്ങനെ സംഭവിച്ചു. രണ്ടു ഹർജികളും ഒരുമിച്ച് മേയ് ആറിന് പരിഗണിക്കാൻ ഞാൻ നിർദ്ദേശിച്ചതാണ്. ഞങ്ങൾ അമ്പരന്നിരിക്കുകയാണ്. ചീഫ്ജസ്റ്റിസ് പറഞ്ഞു.

തുടർന്ന് റിവ്യൂ ഹർജിയും മേയ് 10ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. നേരത്തെ അനിൽ അംബാനിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിലെ ഉത്തരവ് തിരുത്തിയ രണ്ട് ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടിരുന്നു.