ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തിയാൽ രണ്ടുസംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് അന്ത്യമാകുമെന്ന് ആശങ്ക. ദക്ഷിണേന്ത്യയിൽ കർണാടകയും ഹിന്ദി ഹൃദയഭൂവിൽ മദ്ധ്യപ്രദേശുമാണ് ബി.ജെ.പിയുടെ കരിമ്പട്ടികയിലുള്ള സംസ്ഥാനങ്ങൾ.
കർണാടകയിലെ കോൺഗ്രസ് ജെ.ഡി.എസ് സർക്കാരിനെ വീഴ്ത്താൻ സംസ്ഥാന അദ്ധ്യക്ഷൻ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി സകലപണിയും പയറ്റിയിരുന്നു. എം.എൽ.എമാരെ അവസരോചിതമായി മാറ്റിയതു കൊണ്ടാണ് ബി.ജെ.പിയുടെ പദ്ധതി നടക്കാതെ പോയത്. ചില ഭരണപക്ഷ എം.എൽ.എമാരെ കൂറ് മാറ്റാൻ ഇതിനകം ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ഡൽഹിയിൽ ആം ആദ്മി എം.എൽ.എമാർ കൂറുമാറുന്നതും ഇതിനോട് ചേർത്ത് വായിക്കണം. രണ്ട് ആം ആദ്മി എം.എൽ.എമാരാണ് കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പിയിൽ എത്തിയത്. ഏത് വിധേയനേയും കർണാടക ഭരണം പിടിക്കുക എന്നത് ബി.ജെ.പിയെ സംബന്ധിച്ച് പ്രഖ്യാപിത ലക്ഷ്യമാണ്. ഒരിക്കൽ പാളിയത് ഇനി പാളില്ലന്നാണ് യെദ്യൂരപ്പ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
ജെ.ഡി.എസ് നേതാവും മുഖ്യമന്ത്റിയുമായ കുമാരസ്വാമിയുമായി കോൺഗ്രസ്സിലെ ഒരു വിഭാഗത്തിനുള്ള എതിർപ്പും ബി.ജെ.പി മുതലെടുക്കുന്നു. 80 അംഗങ്ങൾ കോൺഗ്രസിന് ഉണ്ടായിട്ടും 37 അംഗങ്ങൾ മാത്രമുള്ള ജെ.ഡി.എസിന് മുഖ്യമന്ത്റി പദം നൽകേണ്ടി വന്നത് ഇപ്പോഴും സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന് ദഹിച്ചിട്ടില്ല. മുൻ മുഖ്യമന്ത്റി സിദ്ധരാമയ്യ അടക്കമുള്ളവർ കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി വരാതിരിക്കാൻ മാത്രമാണ് കുമാരസ്വാമിയെ സഹിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
അതേസമയം സ്വന്തം പാളയത്തിൽ നിന്നും എം.എൽ.എമാർ കൊഴിഞ്ഞ് പോകുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡും ആശങ്കയിലാണ്. ഇതുവരെ 4 കോൺഗ്രസ് എം.എൽ.എമാരാണ് ബി.ജെ.പി പാളയത്തിലെത്തിയത്. ബി.ജെ.പിക്ക് കർണാടക നിയമസഭയിൽ 104 അംഗങ്ങളാണുള്ളത്.ആദായ നികുതി വകുപ്പിന്റെ തുടർച്ചയായുള്ള റെയ്ഡുകൾ സംസ്ഥാന സർക്കാറിനെ സഹായിക്കുന്ന ബിസിനസുകാരിലും ആശങ്ക നിറയ്ക്കുന്നു,
ലോകസഭ തിരഞ്ഞെടുപ്പ് വിധി വന്നശേഷം കർണാടക ഓപ്പറേഷൻ തുടരാനാണ് ബി.ജെ.പിയുടെ തീരുമാനം.കേന്ദ്രത്തിൽ വീണ്ടും മോദി വന്നാൽ കൂടുതൽ എം.എൽ.എമാർ കളം മാറ്റി ചവിട്ടുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
മദ്ധ്യപ്രദേശിൽ ബി.എസ്.പിയുടെ പിന്തുണയോടെ ഭരണം നടത്തുന്ന കോൺഗ്രസിന്റെ കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാനും ബി.ജെ.പി പദ്ധതി ഒരുക്കുന്നു. രണ്ട് എം.എൽ.എമാരാണ് ഇവിടെ ബി.എസ്.പിക്ക് ഉള്ളത്. ഇവരെ കൂടെ നിർത്താൻ ഇതിനകം തന്നെ ബി.ജെ.പി ശ്രമം തുടങ്ങിയിട്ടുണ്ട്. കേന്ദ്രത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ മായാവതി തന്നെ മോദിയെ പിന്തുണക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. 230 അംഗ നിയമസഭയിൽ 109 സീറ്റാണ് ബി.ജെ.പിക്കുള്ളത്. കോൺഗ്രസിന് 114 അംഗങ്ങളാണ് ഉള്ളത്. കേവല ഭൂരിപക്ഷമായ 116 തികയ്ക്കാൻ ബി.എസ്.പിയുടെയും ചില സ്വതന്ത്റരുടെയും പിന്തുണയാണ് കമൽനാഥ് സർക്കാറിന് തുണയായിരുന്നത്. ബി.എസ്.പിയേയും സ്വതന്ത്റ എം.എൽ.എമാരേയും ചില കോൺഗ്രസ് എം.എൽ.എമാരുമാണ് കോൺഗ്രസിന്റെ പട്ടികയിലുള്ളത്.
മദ്ധ്യപ്രദേശിലെ ബി.എസ്.പി സ്ഥാനാർത്ഥി ലോകേന്ദ്ര സിംഗ് രാജ്പുത് കോൺഗ്രസിൽ ചേർന്നത് ഇവിടെ ബി.എസ്.പി കോൺഗ്രസ് സഖ്യത്തിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. വിഷയത്തിൽ മായാവതി തന്നെ കോൺഗ്രസിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മദ്ധ്യപ്രദേശിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് ബി.എസ്.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. മദ്ധ്യപ്രദേശ് തിരിച്ചു പിടിക്കാൻ അഞ്ചു വർഷം കാത്തിരിക്കാൻ കഴിയില്ലന്ന നിലപാടിലാണ് സംഘ പരിവാർ നേതൃത്വവും.
കേന്ദ്രഭരണം പിടിച്ചാൽ അധികാരം ഉപയോഗിച്ച് പിരിച്ചു വിടുന്നതിനല്ല, എം.എൽ.എമാരെ അടർത്തി മാറ്റി സർക്കാരിനെ വീഴ്ത്തുന്നതിനാണ് ബി.ജെ.പി പ്രാമുഖ്യം കൊടുക്കുന്നത്.