തിരുവനന്തപുരം: തലസ്ഥാനത്തിന് ഇന്നു മുതൽ വ്യോമമാർഗം അമേരിക്കൻ കണക്ഷൻ തുറക്കുകയാണ്. സിൽക്ക് എയറിന് പകരം സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്ന ബഡ്ജറ്റ് എയർലൈനായ സ്കൂട്ട് എയർലൈൻ അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും കണക്ഷൻ സർവീസിന് തിരുവനന്തപുരത്തു നിന്ന് ടിക്കറ്റ് നൽകുന്നുണ്ട്. ആസ്ട്രേലിയയിലേക്ക് 9500, അമേരിക്കയിലേക്ക് 42500 രൂപയാണ് നിരക്ക്. ആഴ്ചയിൽ അഞ്ച് സർവീസുണ്ട്. സിംഗപ്പൂരിൽ നിന്ന് സിംഗപ്പൂർ എയർലൈനിലാവും അമേരിക്കൻ, ആസ്ട്രേലിയൻ സർവീസുകൾ. സ്കൂട്ട് എയർലൈനിന്റെ ഇന്നത്തെ കന്നി സർവീസിൽ 90 ശതമാനം സീറ്റുകളുടെ ബുക്കിംഗ് കഴിഞ്ഞതായി വിമാനത്താവളം ഡയറക്ടർ സി.വി. രവീന്ദ്രൻ 'സിറ്റികൗമുദി'യോട് പറഞ്ഞു.
ആസ്ട്രേലിയൻ, അമേരിക്കൻ കണക്ടിവിറ്റി ലഭിക്കുന്നതോടെ തലസ്ഥാനത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെത്തുമെന്നും ടൂറിസം വികസനത്തിന് സഹായകമാവുമെന്നും വിലയിരുത്തപ്പെടുന്നു. ആസ്ട്രേലിയൻ വിമാനക്കമ്പനിയായ ജെറ്റ്സ്റ്റാർ നേരത്തേ തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ആസ്ട്രേലിയൻ കണക്ഷൻ ലഭിക്കുന്ന വിധത്തിൽ തിരുവനന്തപുരത്തു നിന്ന് സിംഗപ്പൂരിലേക്ക് സർവീസിനാണ് ജെറ്റ്സ്റ്റാർ ശ്രമിച്ചത്. മെൽബൺ ആസ്ഥാനമായ ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ ജെറ്റ്സ്റ്റാർ വന്നെങ്കിൽ യാത്രാനിരക്കുകൾ ഇതിലും കുറയുമായിരുന്നു. ലോകറാങ്കിംഗിൽ ആദ്യ പത്തിനുള്ളിലാണ് ജെറ്റ്സ്റ്റാറിന്റെ സ്ഥാനം.
സിംഗപ്പൂർ എയർലൈൻസിന്റെ ഉപകമ്പനിയാണ് ചെലവുകുറഞ്ഞ സ്കൂട്ട് എയർലൈൻസ്. ചെലവു കുറയ്ക്കാൻ തലസ്ഥാനത്ത് സിറ്റി ഓഫീസ് സ്കൂട്ട് എയർലൈൻസ് ഒഴിവാക്കി. പകരം വിമാനത്താവള ടെർമിനലിൽ ഒരു കൗണ്ടർ മാത്രം. ഓൺലൈനായാണ് ടിക്കറ്റ് വില്പന. എയർബസ്-320 ഇനത്തിൽപെട്ട വിമാനങ്ങളാണ് സർവീസ് നടത്തുക. 180 പേർക്ക് യാത്രചെയ്യാം. യാത്രക്കാർക്കും ട്രാവൽ ഏജന്റുമാർക്കും ഹോട്ടലുടമകൾക്കുമെല്ലാം ഓൺലൈനിൽ നേരിട്ട് ടിക്കറ്റ് ബുക്കുചെയ്യാം. സ്കൂട്ട് എയർലൈനിന്റെ ഗ്രൗണ്ട്ഹാൻഡ്ലിംഗ്, സുരക്ഷാ ജോലികൾ എയർഇന്ത്യാ സാറ്റ്സാണ് ഏറ്റെടുത്തിട്ടുള്ളത്. പരമാവധി ചെലവുചുരുക്കി ടിക്കറ്റ് നിരക്ക് കുറയ്ക്കാനാണ് സ്കൂട്ട് എയർലൈനിന്റെ ശ്രമം. സിംഗപ്പൂരിലേക്ക് 5300 രൂപയാണ് സ്കൂട്ടിന്റെ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പോലും ഇതിലും കൂടുതലാണ് നിരക്ക്. തിരുവനന്തപുരത്തു നിന്ന് രാത്രി 10.40ന് പുറപ്പെട്ട് പുലർച്ചെ 5.35ന് സിംഗപ്പൂരിലെത്തുന്നതാണ് സർവീസ്. മടക്കയാത്ര രാത്രി എട്ടിനാണ്. ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്കൂട്ടിന്റെ സർവീസുണ്ട്. ഇന്ന് രാത്രി വാട്ടർസല്യൂട്ട് നൽകി തിരുവനന്തപുരത്ത് സ്കൂട്ടിനെ വരവേൽക്കും.
ഗോ എയറും വിസ്താരയും വരുന്നു
മുംബയ് ആസ്ഥാനമായ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഗോ എയർ തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. രാജ്യത്തെ അഞ്ചാമത്തെ വലിയ എയർലൈനാണ് ഗോ എയർ. ടാറ്റാ സൺസ് ലിമിറ്റഡിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈനും പുതുതായി സർവീസ് തുടങ്ങും. ബംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. രണ്ട് കമ്പനികളും സാദ്ധ്യതാപഠനം പൂർത്തിയാക്കിയതായി എയർപോർട്ട് ഡയറക്ടർ പറഞ്ഞു.
''അന്താരാഷ്ട്ര സർവീസുകൾക്കായി കൂടുതൽ വിമാനക്കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരുമായി ചർച്ച നടക്കുകയാണ്. എല്ലാ കമ്പനികളെയും സ്വാഗതം ചെയ്യുന്നു.''
സി.വി. രവീന്ദ്രൻ
എയർപോർട്ട് ഡയറക്ടർ