തിരുവനന്തപുരം : നഗരമദ്ധ്യത്തിൽ മാലിന്യം തള്ളുന്ന സംഘങ്ങളെ കൈയോടെ പൊക്കാൻ നഗരസഭ രാത്രികാലങ്ങളിൽ പ്രത്യേക പരിശോധന ആരംഭിച്ചു. ഞായറാഴ്ച രാത്രി 10 മുതൽ പുലർച്ചെ 3 വരെ മേയർ വി.കെ. പ്രശാന്തിന്റെയും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ശ്രീകുമാറിന്റെയും നേതൃത്വത്തിലാണ് ആദ്യ ദിന പരിശോധന നടന്നത്. നഗരത്തെ നാലു മേഖലകളായി തിരിച്ചാണ് സ്ക്വാഡ് പരിശോധന നടത്തിയത്. നഗരസഭയുടെ ലൈസൻസ് ഇല്ലാതെ സെപ്റ്റേജ് മാലിന്യങ്ങളുമായി പോയ രണ്ട് വാഹനങ്ങളും വൻതോതിൽ ഹോട്ടൽ മാലിന്യവുമായെത്തിയ രണ്ട് വാഹനങ്ങളും കൈയോടെ പൊക്കി. വാഹനങ്ങളിലെ ഡ്രൈവർമാരെയും ക്ലീനർമാരെയും സമീപത്തെ പൊലീസിന് കൈമാറുകയും ചെയ്തു.
സെപ്റ്റേജ് മാലിന്യങ്ങളുമായെത്തിയെ രണ്ട് ലോറിയും ഹോട്ടൽ മാലിന്യവുമായെത്തിയ മിനിലോറിയും കഴക്കൂട്ടത്ത് നിന്നാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത മിനി ലോറിയിൽ നഗരത്തിൽ പലയിടങ്ങളിലും മാലിന്യം തള്ളാറുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നമ്പർ പ്ലേറ്രുകളില്ലാത്ത പഴയവാഹനമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഹോട്ടലുകളിൽ നിന്ന് പണം വാങ്ങി മാലിന്യം ശേഖരിച്ച് ബൈപ്പാസിന്റെ ഇരുവശങ്ങളിലും തള്ളുന്നതായിരുന്നു പതിവ്. ഹോട്ടൽ മാലിന്യങ്ങൾ കയറ്റിവന്ന സവാരി ആട്ടോ ഈയ്ഞ്ചക്കലിൽ നിന്നാണ് പിടിയിലായത്. പിടിയിലായ വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതോടൊപ്പം നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വേളി, ശംഖുംമുഖം, എയർപോർട്ട് ഡൊമസ്റ്റിക്, മുട്ടത്തറ, മണക്കാട്, ചാല, ചാക്ക, കഴക്കൂട്ടം ബൈപ്പാസ്, തമ്പാനൂർ, കിഴക്കേകോട്ട എന്നിങ്ങനെ വിവിധ മേഖലകളെ ബന്ധിപ്പിച്ചാണ് സ്ക്വാഡ് പരിശോധന നടത്തിയത്. നഗരത്തിലെ നാലുഭാഗങ്ങളിലായുള്ള സ്ക്വാഡ് പരിശോധന വരും ദിവസങ്ങളിലും തുടരും. ഹെൽത്ത് സൂപ്പർവൈസർ അജിത്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനൂപ് റോയ്, എൻ.വി. അനിൽകുമാർ, എസ്. അനികുമാർ, സുജിത് സുധാകർ, സോണി .വി, അജിത്ത് .എ.വി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
വഴികാട്ടികൾ ആദ്യം കുടുങ്ങും
ബൈപ്പാസ് മേഖലകളിൽ കോഴിമാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും തള്ളുന്ന മാഫിയ സംഘങ്ങളെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ ഈഗിൾ ഐ നടപ്പാക്കുന്നത്. എന്നാൽ ഇത്തരം മാഫിയാ സംഘങ്ങൾ മാലിന്യം കയറ്റിയ വാഹങ്ങളുമായെത്തുന്നതിന് മുമ്പ് പ്രദേശത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ആദ്യം ഇരുചക്രവാഹനങ്ങളെ അയയ്ക്കും ഇവർ നൽകുന്ന നിർദ്ദേശത്തെ തുടർന്നാണ് വാഹനങ്ങളെത്തി മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയ്ക്കിടയിൽ ഇത്തരം വഴികാട്ടി സംഘങ്ങൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇനി ഇക്കൂട്ടരെ ആദ്യം പിടികൂടാനും പദ്ധതിയുണ്ട്.
"നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ചില മാഫിയ സംഘങ്ങൾ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് പൊതുവഴിയിൽ മാലിന്യങ്ങൾ തള്ളുകയാണ്. ഇനിയും അത് അനുവദിക്കില്ല. കർശന നിയമനടപടി ഉൾപ്പെടെ സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും."
-വി.കെ. പ്രശാന്ത്
മേയർ