എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ വഴുതക്കാട് ഗവ: കോട്ടൺഹിൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികളുടെ ആഹ്ലാദം
തിരുവനന്തപുരം: മധുരം പങ്കിട്ടും മതിമറന്ന് സന്തോഷിച്ചും തലസ്ഥാന നഗരത്തിലെ സ്കൂളുകൾ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജയം ആഘോഷിച്ചു. ഫലപ്രഖ്യാപനം വന്നതോടെ ആശങ്കയുടെ നിമിഷങ്ങൾ പിന്നിട്ട് വിജയികളും അദ്ധ്യാപകരും സ്കൂൾ അങ്കണത്തിലേക്ക് എത്തി. ചില സ്കൂളുകൾ എൻട്രൻസ് പരീക്ഷയുടെ സെന്ററുകളായതിനാൽ ആഹ്ളാദപ്രകടനം ഒരല്പം വൈകിയാണ് തുടങ്ങിയത്. കുട്ടികളുടെ ആഹ്ളാദവും ആഘോഷവും പകർത്താൻ ചാനലുകളും ഫോട്ടോഗ്രാഫർമാരും എത്തിയതോടെ ആവേശമേറി. മറ്റ് സ്കൂളുകളിലാകട്ടെ ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ കുട്ടികൾ സ്കൂളിലേക്ക് ഓടിയെത്തി.എൻട്രൻസ് പരീക്ഷാകേന്ദ്രമായ കോട്ടൺഹിൽ സ്കൂളിൽ കുട്ടികളും അദ്ധ്യാപകരും ഒത്തുചേർന്നത് ഉച്ച തിരിഞ്ഞ് മൂന്നരയോടെയാണ്.
ഗവ. മെഡിക്കൽ കോളേജ് എച്ച്.എസ്.എസ് തിരുവനന്തപുരം, ഗവ.സിറ്റി വി.എച്ച്.എസ്.എസ് തിരുവനന്തപുരം, പി.എസ്.എൻ.എം ഗവ. ബോയ്സ് എച്ച്.എസ്.എസ് പേരൂർക്കട, ജി.ജി എച്ച്.എസ്.എസ് പേരൂർക്കട, ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് പേട്ട, ഗവ.എച്ച്.എസ് വഞ്ചിയൂർ, ഗവ. എച്ച്.എസ്.എസ് പേട്ട, ജി.വി. രാജ സ്പോർട്സ് സ്കൂൾ, ഗവ. എച്ച്.എസ് കരിക്കകം, ഗവ. സംസ്കൃത എച്ച്.എസ് ഫോർട്ട്, ഗവ. എച്ച്.എസ് കാലടി, ഗവ. എച്ച്.എസ്.എസ് ഫോർ ബോയ്സ് കരമന, ഗവ. എച്ച്.എസ് പാപ്പനംകോട്, ഗവ. എച്ച്.എസ്. ചാല, ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് ചാല, ഗവ. സെൻട്രൽ എച്ച്.എസ് അട്ടക്കുളങ്ങര, ഗവ. എച്ച്.എസ് ജഗതി തുടങ്ങിയ നഗരത്തിലെ സർക്കാർ സ്കൂളുകൾ നൂറ് മേനി വിജയം നേടി. സർവോദയ വിദ്യാലയം നാലാഞ്ചിറ, സെന്റ് തോമസ് എച്ച്.എസ്.എസ്. മുക്കോലയ്ക്കൽ, ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ, നിർമലഭവൻ ഗോൾസ് എച്ച്.എസ്.എസ്, ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹൈസ്കൂൾ, എം.എം.ആർ.എച്ച്.എസ്.എസ് നിറമൺകര, കാർമൽ എച്ച്.എസ്.എസ് തിരുവനന്തപുരം, ചിന്മയ വിദ്യാലയ വഴുതക്കാട്, കൊർദോവ ഇ.എം.എച്ച്.എസ്.എസ് പൂന്തുറ തുടങ്ങിയ അൺ എയ്ഡഡ് സ്കൂളുകളും നൂറ് ശതമാനം വിജയത്തിൽ ഒപ്പം കൂടി.
പെൺകുട്ടികൾ പഠിക്കുന്ന കോട്ടൺഹിൽ ഗവ. ഹൈസ്കൂളിൽ 630 പേർ പരീക്ഷയ്ക്കിരുന്നതിൽ 97.5 ശതമാനവും വിജയിച്ചു. 54 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇവിടെ കുട്ടികളുടെ വിജയാഹ്ലാദത്തിൽ പങ്കെടുക്കാൻ മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവരുമെത്തി.
പട്ടം സെന്റ് മേരീസിന് ഇക്കുറി 99.2
ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയതിന്റെ ഖ്യാതി ഇക്കുറിയും പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിനാണ്. 1707 കുട്ടികളെയാണ് പരീക്ഷയ്ക്കിരുത്തിയത്. 1165 ആൺകുട്ടികളും 542 പെൺകുട്ടികളും ഇതിൽ 1694 പേർ വിജയിച്ചു. 134 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയികൾക്ക് പ്രിൻസിപ്പൽ ഫാ. ജോൺ .സി.സി മധുരം വിതരണം ചെയ്തു. നിർമ്മല ഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 139 പേരും വിജയിച്ചു. 42 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
നൂറിൽ മിന്നി കാർമൽ
എ പ്ലസുകളുടെ എണ്ണത്തിൽ വഴുതക്കാട് കാർമൽ സ്കൂൾ ഇക്കുറിയും മുന്നിലാണ്. 173 കുട്ടികൾ പരീക്ഷയെഴുതിയതിൽ 88 കുട്ടികൾ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി. 100 ശതമാനം വിജയമാണ് ഇക്കുറിയും സ്കൂൾ നേടിയത്. മുക്കോലയ്ക്കൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ നൂറ് മേനി വിജയം നേടി.
പരാധീനതകൾക്ക് നടുവിലും മികച്ച വിജയം
നഗരത്തിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളിൽ മിക്കവയും പരാധീനതകൾക്ക് നടുവിൽ. വഞ്ചിയൂർ ഗവ. സ്കൂളിൽ മുഴുവൻ കുട്ടികളും വിജയിച്ചു. കുട്ടികളില്ലാത്തതിന്റെ പേരിൽ സ്കൂളുകൾ പൂട്ടുന്ന പശ്ചാത്തലത്തിലാണ് പരാധീനതകൾക്ക് നടുവിലും കുട്ടികളെ വിജയിപ്പിച്ചെടുത്ത് ഈ സ്കൂൾ മാതൃകയാകുന്നത്. അദ്ധ്യാപകരുടെയും പി.ടി.എയുടെയും പ്രയത്നത്തിന്റെ ഫലമായാണ് ഈ വിജയം. പി.എം.ജിയിലുള്ള ഗവ. സിറ്റി സ്കൂളിലും നൂറ് ശതമാനം വിജയം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതിലേറെയും. അട്ടക്കുളങ്ങര ഗവ. സ്കൂളിൽ പരീക്ഷയ്ക്കിരുന്നതിൽ മുഴുവൻ കുട്ടികളും വിജയിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അമിത ശ്രദ്ധയും പരിഗണനയും നൽകിയും നന്നായി പഠിക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനം നൽകിയുമാണ് ഈ സ്കൂളുകൾ നൂറ് മേനി നേടിയത്.