വർണ്യത്തിൽ ആശങ്കയ്ക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന് എന്ന ചിത്രത്തിൽ നിമിഷാ സജയനും സൗബിൻ ഷാഹിറും നായികാനായകന്മാരാകുന്നു.രാജേഷ് ഗോപിനാഥാണ് തിരക്കഥയെഴുത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണിത്.ദുൽഖർ സൽമാനെ നായകനാക്കി സമീർ താഹിർ സംവിധാനം ചെയ്ത കലിയുടെ തിരക്കഥാകൃത്താണ് രാജേഷ് . ഗിരീഷ് ഗംഗാധരനാണ് കാമറ. പ്രശാന്ത് പിള്ള സംഗീതവും ഭവൻ ശ്രീകുമാർ എഡിറ്റിംഗും നിർവഹിക്കുന്നു. ഡി 14 എന്റർടെയ്ൻമെന്റാണ് നിർമ്മാണം. ഒക്ടോബറിൽ ഷൂട്ടിംഗ് തുടങ്ങും.
നിദ്ര ആണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ആദ്യ ചിത്രം.അതിന് ശേഷം സംവിധാനം ചെയ്ത ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ ദിലീപായിരുന്നു നായകൻ.
സുഡാനി ഫ്രം നൈജീരിയയുടെ വിജയത്തിന് ശേഷം സൗബിൻ ഷാഹിറിനെ തേടി നിരവധി നായക വേഷങ്ങളാണെത്തുന്നത്. ഉടൻ റിലീസാകുന്ന ചിത്രം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന അമ്പിളി ആണ്.എ.വി.എ പ്രൊഡക് ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന അമ്പിളി ജൂലായിൽ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.
അതേ സമയം ഏറ്റവും തിരക്കുള്ള നായികയാണ് നിമിഷ സജയൻ.രാജീവ് രവിയുടെ തുറമുഖത്തിലും ലാൽ ജോസിന്റെ നാല്പത്തിയൊന്നിലും ഒരേ സമയം അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു നിമിഷ.നായികാപ്രാധാന്യമുള്ള സ്റ്റാൻഡ് അപ്പാണ് നിമിഷ ഉടൻ ചെയ്യുന്ന ചിത്രം.