നവാഗതനായ ശരത് സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിൽ ഷെയ്ൻ നിഗം നായകനാകുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാന സഹായിയാണ് ശരത്. സുരാജ് വെഞ്ഞാറമ്മൂടും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇരിങ്ങാലക്കുടയാണ് ലൊക്കേഷൻ.
കുമ്പളങ്ങി നൈറ്റ്സിന് ശേഷം നിരവധി വേഷങ്ങളാണ് ഷെയ്ൻ നിഗത്തെ തേടിയെത്തുന്നത്.ഇപ്പോൾ മുന്നാറിൽ നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഷെയ്ൻ.
ഇതുവരെ പേരിടാത്ത ചിത്രത്തിൽ പുതുമുഖം പവിത്ര ലക്ഷ്മിയാണ് നായിക.അജു വർഗീസ്,ഇന്ദ്രൻസ്,ബേസിൽ ജോസഫ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഇഷ്ക് ആണ് ഷെയ്ൻ നിഗത്തിന്റെ പുതിയ റിലീസ്. ചിത്രം മേയ് രണ്ടാം വാരം തിയേറ്ററുകളിലെത്തും. ആൻ ശീതളാണ് നായിക. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഇ ഫോർ എന്റർടെയ്ൻമെന്റാണ് നിർമ്മിക്കുന്നത്. രതീഷ് രവിയുടേതാണ് തിരക്കഥ . റിലീസിനൊരുങ്ങുന്ന ഷെയ്ൻ നിഗത്തിന്റെ മറ്റൊരു ചിത്രം വലിയ പെരുന്നാളാണ്.അൻവർ റഷീദ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ഡിമൽ ഡെന്നിസാണ് സംവിധാനം ചെയ്യുന്നത്.ജോജു ജോർജും സൗബിൻ ഷാഹിറും വലിയ പെരുന്നാളിൽ അഭിനയിക്കുന്നുണ്ട്.