കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കെട്ടിച്ചമച്ച കഥയാണെന്ന് നടൻ ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ വിമൻ ഇൻ സിനിമാ കളക്‌ടീവിന്റെ ലക്ഷ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കഥകൾ കെട്ടിച്ചമച്ചതാണ്. ഒന്നര കോടി രൂപയ്‌ക്ക് പൾസർ സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയെന്ന് താൻ വിശ്വസിക്കുന്നില്ല. താൻ അറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ലെന്നാണ് ശ്രീനിവാസൻ വാദിക്കുന്നത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യൂ.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവും എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ശ്രീനിവാൻ പറഞ്ഞു. തുല്യവേതനമെന്ന ആവശ്യവും സിനിമാ രംഗത്ത് സ്ത്രീകൾക്ക് നേരെ ചൂഷണം നടക്കുന്നുണ്ടെന്ന വാദവും അദ്ദേഹം തള്ളി. എന്നാൽ ഒരു സംഘടനയെയും നശിപ്പിക്കാനല്ല താൻ ഇതൊക്കെ പറയുന്നതെന്നും ചില കാര്യങ്ങൾക്ക് അതിർ വരമ്പുകൾ ഉള്ളത് കൊണ്ട് കൂടുതൽ വെളിപ്പെടുത്തലുകൾക്കില്ലെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.