വിഴിഞ്ഞം: കോവളത്ത് ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിലായി. തിരുവല്ലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ പൂന്തുറ സ്വദേശി സലീം ആണ് പിടിയിലായത്. മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയുടെ സി.സി ടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടന്നത്.
പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഐ.പി.എസ് ട്രെയിനിയും തിരുവല്ലം സ്റ്റേഷനിലെ എസ്.എച്ച്.ഒയായ ഐശ്വര്യ പ്രശാന്ത് ദോംഗ്രെയുടെ മാലയാണ് പ്രതി പൊട്ടിച്ചത്. കോവളം - പാച്ചല്ലൂർ ബൈപാസിലെ സർവീസ് റോഡിൽ കൊല്ലന്തറയ്‌ക്ക് സമീപം ശനിയാഴ്‌ച രാവിലെ ഏഴിനായിരുന്നു സംഭവം. ഉദ്യോഗസ്ഥയ്‌ക്ക് പിന്നാലെ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും കൈ തട്ടി മാറ്റുകയായിരുന്നു.
ആക്രമണത്തിൽ പതറാതെ വനിതാ ഓഫീസർ പിറകെ ഓടിയെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ കടകളിലുൾപ്പെടെയുള്ള സി.സി ടിവി കാമറകളിൽ നിന്നാണ് പ്രതിയുടെ ദൃശ്യം ലഭിച്ചത്. കറുത്ത ടീ ഷർട്ടും നീല ട്രാക് സൂട്ടും ധരിച്ച് ബൈക്കിലെത്തിയ 25 വയസ് തോന്നുന്ന യുവാവാണ് മാല പൊട്ടിക്കാൻ ശ്രമിച്ചതെന്നായിരുന്നു ആദ്യം തെളിഞ്ഞത്.