saritha

കൊച്ചി: സോളാർ കേസ് പ്രതി സരിതാ.എസ്.നായർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയതായി പരാതി. കൊച്ചി ചക്കരപ്പറമ്പ് പരിസരത്ത് വച്ച് മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും കാറിന്റെ ഗ്ലാസ് തകർക്കുകയും ചെയ്‌തുവെന്നാണ് സരിതയുടെ പരാതി. തനിക്കെതിരായി ആരോ നൽകിയ ക്വട്ടേഷനാണ് ഇതിന് പിന്നിലെന്നും സരിത ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസിന് പരാതി നൽകുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പരാതിക്ക് ആധാരമായ സംഭവം നടന്നത്. തന്റെ കാറിന് നേരെ ബൈക്കുകളിലെത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സരിത പരാതിയിൽ പറയുന്നു. ബുള്ളറ്റിലെത്തിയ ഒരാൾ കാറിന്റെ മുന്നിലെത്തി വാഹനം നിറുത്താൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ പിന്നിലെത്തിയ മറ്റൊരു ബൈക്കിലെ അക്രമികൾ മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകർത്തു. കാറിന്റെ പല ഭാഗത്തും അക്രമികൾ ആയുധങ്ങൾ ഉപയോഗിച്ച് കേടുപാടുകൾ വരുത്തി. തന്റെ വാഹനം നിറുത്താൻ പല തവണ അക്രമികൾ ആവശ്യപ്പെട്ടെങ്കിലും താൻ അതിന് തയ്യാറായില്ല. റോഡിന്റെ വീതി കുറവായതിനാൽ വേഗത്തിൽ പോകാനും കഴിഞ്ഞില്ല. തുടർന്ന് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. ബുള്ളറ്റിലെത്തിയ ആൾ മുഖം മറച്ചിരുന്നില്ലെന്നും കണ്ടാൽ തിരിച്ചറിയാമെന്നും സരിത മൊഴി നൽകിയിട്ടുണ്ട്. ഉത്തർ പ്രദേശ് രജിസ്‌ട്രേഷനിലുള്ള ബൈക്കിന്റെ നമ്പർ പൊലീസിന് കൈമാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേത്തി മണ്ഡലത്തിൽ പച്ചമുളക് ചിഹ്നത്തിൽ സരിത മത്സരിച്ചിരുന്നു.