smrithi-irani

ന്യൂഡൽഹി: അമേതിയിൽ കോൺഗ്രസ് ബൂത്ത് പിടിച്ചുവെന്ന ബി.ജെ.പി സ്ഥാനാർത്ഥി സ്‌മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഇതിന് തെളിവായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമാണെന്നും ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓ‌ഫീസർ വെങ്കടേശ്വർ അറിയിച്ചു. പരാതി ലഭിച്ചപ്പോൾ തന്നെ അമേതിയിലെ വിവിധ പാർട്ടിയുടെ ബൂത്ത് ഏജന്റുമാരോടും ഉദ്യോഗസ്ഥരോടും കമ്മീഷൻ ഇക്കാര്യം അന്വേഷിച്ചു.

എന്നാൽ, ആരോപണത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും വെങ്കടേശ്വർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബൂത്ത് പിടിത്തമെന്ന ആരോപണവുമായി സ്‌മൃതി ഇറാനി രംഗത്തെത്തിയത്. താമരയിൽ വോട്ട് ചെയ്യാനാണ് താൻ ആഗ്രഹിച്ചതെന്നും എന്നാൽ, പ്രിസൈഡിംഗ് ഓഫീസർ കോൺഗ്രസിന് വോട്ട് ചെയ്യാൻ നിർബന്ധിക്കുകയായിരുന്നെന്നും ഒരു വൃദ്ധ പറയുന്ന വീഡിയോ ഉൾപ്പെടെ വോട്ടർമാർ പരാതി പറയുന്ന വീഡിയോയുമാണ് ബി.ജെ.പി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

രാഹുൽ ഗാന്ധിക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് ഏജന്റ്മാരുമായും സംസാരിച്ചിരുന്നതായും പ്രചരിപ്പിക്കുന്ന വിഡിയോ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ബൂത്ത് പിടിച്ചെടുത്തെന്ന സ്മൃതി ഇറാനിയുടെ ആരോപണം കോൺഗ്രസ് നേരത്തെ തള്ളിയിരുന്നു.