evm
ബീഹാറിലെ മുസാഫർപൂരിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയ വോട്ടിംഗ് യന്ത്രങ്ങൾ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പോളിംഗിനിടെ ഇല‌ക്ട്രോണിക് വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങൾ ബീഹാർ മുസാഫർപൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്നും കണ്ടെത്തിയത് വൻ വിവാദത്തിലേക്ക്. പോളിംഗ് ബൂത്തിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിൽ നിന്നാണ് അഞ്ച് യന്ത്രങ്ങൾ കണ്ടെത്തിയത്. ബൂത്തിലെത്തിച്ച യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചാൽ ഉപയോഗിക്കുന്നതിനായി ബാക്കപ്പ് എന്ന നിലയിൽ സൂക്ഷിച്ചിരുന്നതാണ് ഇവയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. സെക്‌ടർ മജിസ്ട്രേറ്റ് അവ്‌ദേഷ് കുമാറിന്റെ പക്കൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. എന്നാൽ രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമമാണ് ഇതിന് പിന്നിലെന്നും സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

മുസാഫർപൂരിലെ ഒരു ബൂത്ത് സന്ദർശിച്ച് തിരികെ വരുന്ന വഴി തന്റെ ഡ്രൈവർ വോട്ട് ചെയ്യാനായി വാഹനം നിറുത്തിയെന്നും തുടർന്നാണ് താൻ യന്ത്രങ്ങളുമായി ഹോട്ടലിൽ പ്രവേശിച്ചതെന്നുമാണ് അവ്‌ദേഷിന്റെ വിശദീകരണം. എന്നാൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വോട്ടിംഗ് യന്ത്രങ്ങളുമായി സ്വകാര്യ ഹോട്ടലിലേക്ക് കയറിയെന്ന വാർത്ത അറിഞ്ഞതോടെ പ്രതിഷേധവുമായി പാർട്ടിക്കാർ രംഗത്തെത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടർന്ന് സബ് ഡിവിഷണൽ ഓഫീസർ കുന്തൻ കുമാർ സ്ഥലത്തെത്തുകയും യന്ത്രങ്ങൾ കസ്‌റ്റഡിയിലെടുക്കുകയും ചെ‌യ്‌തു.

Bihar:EVMs&VVPAT were found from a hotel in Muzaffarpur yesterday. Alok Ranjan Ghosh, DM says,"Sector officer was given some reserved machines so that it could be replaced with faulty ones. After replacing EVMs he was left with 2 balloting unit,1 control unit&2 VVPAT in his car." pic.twitter.com/KjpoKbHpCa

— ANI (@ANI) May 7, 2019


ബൂത്തിലെ യന്ത്രങ്ങൾക്ക് എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ ഉപയോഗിക്കാനായി റിസർവ് ഇനത്തിലാണ് അവ്‌ദേഷിന് യന്ത്രങ്ങൾ നൽകിയതെന്നും എന്നാൽ ചട്ടങ്ങൾ മറികടന്ന് അദ്ദേഹം യന്ത്രങ്ങളുമായി ഹോട്ടലിലെത്തിയത് തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. അവ്‌ദേഷിനെതിരെ ഡിപ്പാർട്മെന്റ് തലത്തിൽ അന്വേഷണം നടത്തും. സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും അധികൃതർ വ്യക്തമാക്കി.