മെഡിക്കൽ പാഠ്യപദ്ധതി സമൂലമായി പരിഷ്കരിച്ച് പുതിയ എം.ബി.ബി.എസ് കരിക്കുലം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പ്രഖ്യാപിച്ചിരിക്കയാണ് . ഇപ്പോഴത്തെ പാഠ്യപദ്ധതി 1997 ൽ നിലവിൽ വന്നതാണ്. രണ്ട് പതിറ്റാണ്ടിനിടെ വൈദ്യവിജ്ഞാനത്തിൽ വമ്പിച്ച കുതിച്ചുചാട്ടമാണ് നടന്നത്. നിരവധി രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു. പുതിയ ചികിത്സാരീതികളും രോഗനിർണയോപാധികളും ഔഷധങ്ങളും വന്നു. ആരോഗ്യ സേവനത്തിന്റെ സാമൂഹ്യ ധാർമ്മിക ഉത്തരവാദിത്വങ്ങളെ സംബന്ധിച്ച് കൂടുതൽ ആശയങ്ങൾ ഉയർന്നു വന്നു. ഇവയെല്ലാം പൂർണമായും ഉൾകൊള്ളിച്ചില്ലെങ്കിലും പാഠ്യപദ്ധതി പരിഷ്കാരത്തിലൂടെ നല്ലൊരു തുടക്കം കുറിക്കാൻ മെഡിക്കൽ കൗൺസിലിന് കഴിഞ്ഞു. 2019 ആഗസ്റ്റ് മുതൽ പാഠ്യപദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. വൈദ്യസേവനത്തിന്റെ അടിസ്ഥാന പ്രമാണം ഡോക്ടർമാരുടെ സേവന തത്പരത, ധാർമ്മികബോധം, രോഗികളും ബന്ധുക്കളുമായുള്ള ആശയവിനിമയശേഷി എന്നിവയാണെന്ന് പാഠ്യപദ്ധതിയിൽ ഊന്നി പറയുന്നുണ്ട്. രോഗത്തെയും ചികിത്സയെയും പറ്റി ഡോക്ടർമാരും രോഗികളും തമ്മിൽ വലിയ വിജ്ഞാനാന്തരമുണ്ട്. കഴിക്കേണ്ട മരുന്നും ചികിത്സയും നിശ്ചയിക്കുന്നത് ഡോക്ടർമാരാണ്. സ്വാഭാവികമായും ഡോക്ടർ -രോഗീ ബന്ധത്തിൽ ചൂഷണ സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് വൈദ്യനൈതികതക്കും ഡോക്ടർമാരുടെ സേവനമനോഭാവത്തിനും വലിയ പ്രാധാന്യമുള്ളത്. രോഗികളും ബന്ധുക്കളുമായി ഉചിതമായ ആശയവിനിമയം സാദ്ധ്യമാകാത്തതു കൊണ്ടാണ് ആശുപത്രികളിൽ സംഘർഷങ്ങളുണ്ടാകുന്നത് . പുതിയ പാഠ്യപദ്ധതി ആശയവിനിമയത്തിന്റെ പ്രാധാന്യവും പ്രസക്തിയും കണക്കിലെടുത്തത് സ്വാഗതാർഹമാണ്.
നിലവിലുള്ള മെഡിക്കൽ പാഠ്യപദ്ധതിയിൽ മാനസികാരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ലാത്തത് പ്രധാന ന്യൂനതയായി പൊതുജനാരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രോഗനിർണയത്തിനും ചികിത്സയ്ക്കും അമിത പ്രാധാന്യം നൽകിയിട്ടുമുണ്ട്. പൊതുജനാരോഗ്യ നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ പോലും മാനസികരോഗികളുടെ എണ്ണം വളരെ വലുതാണെന്ന്, ബാംഗ്ലൂരിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസിന്റെ നേതൃത്വത്തിൽ ദേശീയതല മാനസികാരോഗ്യ സർവേയുടെ ഭാഗമായി കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോസയൻസസ് നടത്തിയ പഠനം സൂചിപ്പിക്കുന്നു. ഇതനുസരിച്ച് കേരളീയരിൽ മാനസികരോഗ വ്യാപനനിരക്ക് 11.36 ശതമാനമാണ്. ഇതിൽ വിഷാദരോഗം, മാനസികക്ലേശം, ഷിസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ, മയക്കുമരുന്ന്, മദ്യാസക്തി തുടങ്ങിയ മാനസിക വൈകല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഷിസോഫ്രീനിയ തുടങ്ങിയ ഗുരുതരമായ മാനസിക രോഗങ്ങൾ 0.36 ശതമാനം പേരിലും അത്രത്തോളം ഗുരുതരമല്ലാത്ത രോഗങ്ങൾ 11 ശതമാനം പേരിലുമുണ്ട്. കേരളത്തിലെ സ്ഥിതി ഇതാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ കാര്യം ഊഹിക്കാമല്ലോ. ഇവ പരിഗണിച്ച് പുതിയ കരിക്കുലത്തിൽ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകിയിട്ടുള്ളത് സന്തോഷകരമാണ്.
പുതിയ പാഠ്യപദ്ധതി വിദ്യാർത്ഥി കേന്ദ്രീകൃതവും രോഗീകേന്ദ്രീകൃതവും ലിംഗബോധത്തിൽ അധിഷ്ടിതവും ആരോഗ്യത്തിന്റെ പാരിസ്ഥിതിക ഘടകങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമായിരിക്കുമെന്ന് കരിക്കുലത്തിൽ സൂചിപ്പിക്കുന്നുണ്ട്. ക്ലിനിക്കൽ പരിശീലനം ആദ്യവർഷം ആരംഭിക്കും. വിദ്യാർത്ഥികളുടെ ക്ലിനിക്കൽ പരിശീലനത്തിനായി കൃത്രിമ രോഗീമാതൃകകൾ പ്രയോജനപ്പെടുത്തും. പല വിദേശ സർവകലാശാലകളിലും ഇത്തരം പഠനരീതികൾ പ്രയോഗത്തിലുണ്ട്. രോഗികളുടെ ക്ലിനിക്കൽ പരിശോധന വളരെ യാന്ത്രികമാണെന്നുള്ള വിമർശനം ബോർഡ് ഓഫ് ഗവേർണേഴ്സ് ഗൗരവമായെടുത്തിട്ടുണ്ട്. രോഗികളുടെ ലിംഗവും സാമൂഹ്യ നിലവാരവുമെല്ലാം കണക്കിലെടുത്തുള്ള ക്ലിനിക്കൽ പരിശോധനയും രോഗചരിത്ര ശേഖരണവുമാണ് നടത്തേണ്ടതെന്ന് നിഷ്കർഷിച്ചിട്ടുണ്ട് . രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവരും വിവിധ വിദ്യാലയങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്നവരാണ്. ഇവരുടെ വിജ്ഞാന നിലവാരവും ഗ്രഹണശേഷിയും സ്വാഭാവികമായും വ്യത്യസ്തമായിരിക്കും. വിദ്യാർത്ഥികളുടെ വ്യത്യസ്ത വിജ്ഞാന നിലവാരവും പഠനശേഷിയും ഏകീകരിക്കാൻ അടിസ്ഥാന കോഴ്സുകളാരംഭിക്കുമെന്നും പുതിയ പദ്ധതി പറയുന്നു. ക്രഡിറ്റ് ആന്റ് സെമസ്റ്റർ സിസ്റ്റം രീതിയിൽ നിർബന്ധവിഷയങ്ങൾക്ക് പുറമേ ആവശ്യാനുസൃതമായും താത്പര്യാധിഷ്ടിതമായും എലക്ടീവ് കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് നൽകും. രോഗികളുമായി മാനുഷികബന്ധം സ്ഥാപിക്കാൻ കഴിവുള്ളവരും സാമൂഹ്യസേവന തത്പരരുമായ ഡോക്ടർമാരെ പരിശീലിപ്പിക്കാനാണ് പുതിയ കരിക്കുലം ഊന്നൽ നൽകുന്നത്. ആധുനിക വൈദ്യ വൈജ്ഞാനിക വിപ്ലവത്തിൽ പങ്കാളികളാവാനുള്ള ശേഷി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകാനും പാഠ്യപദ്ധതി ലക്ഷ്യമിടുന്നുണ്ട്.
പദ്ധതി ഫലവത്തായി നടപ്പിലാക്കിയാൽ ലക്ഷ്യബോധവും ആധുനിക വൈദ്യശാസ്ത്ര വിജ്ഞാനവും നൈപുണ്യങ്ങളും കൈമുതലായിട്ടുള്ള ഡോക്ടർമാരുടെ പുതിയ തലമുറയെ വാർത്തെടുക്കാനാവും. എങ്കിലും വിട്ടുപോയിട്ടുള്ള മേഖലകൾ ഉൾകൊള്ളിച്ചും ആരോഗ്യ വിദഗ്ദ്ധരുമായും ആരോഗ്യ പ്രവർത്തകരുമായും കൂടിയാലോചിച്ച് ഉചിതമായ ഭേദഗതികളോടെ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കാനാണ് ആരോഗ്യമന്ത്രാലയം ശ്രമിക്കേണ്ടത്. വൈദ്യവിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കുന്ന വാണിജ്യവത്കരണ പ്രവണതകൾക്ക് തടയിടാതെ സാമൂഹ്യസേവന തത്പരരായ ഡോക്ടർമാരെ പരിശീലിപ്പിക്കാനാവില്ലെന്ന വസ്തുതയും കണക്കിലെടുക്കണം. രാജ്യത്തിപ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളെക്കാൾ വളരെ കൂടുതലാണ് സ്വാശ്രയ മെഡിക്കൾ കോളേജുകൾ. ഇവയിൽ പലതിലും അടിസ്ഥാന സൗകര്യങ്ങളോ അവശ്യാനുസരണം അധ്യാപകരോ ഇല്ല. പല മെഡിക്കൽ കോളേജുകളിലും രോഗികൾ നാമമാത്രമാണ്. രോഗികളുടെ ശരീരപരിശോധന പോലും നടത്താതെയാണ് മിക്ക സ്വാശ്രയകോളേജുകളിലെയും മെഡിക്കൽ വിദ്യാർത്ഥികൾ വൈദ്യപഠനം പൂർത്തിയാക്കുന്നത്. കോടിക്കണക്കിന് രൂപ , പ്രത്യേകിച്ചും പോസ്റ്റ് ഗ്രാഡ്വേറ്റ് അഡ്മിഷനും മറ്റും നൽകേണ്ടി വരുന്ന ഡോക്ടർമാർ, ചെലവാക്കിയ തുക രോഗികളിൽ നിന്നും അധാർമ്മികമായി തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. സ്വാശ്രയ മെഡിക്കൾ കോളജുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കാൻ കൂടി സർക്കാർ ശ്രമിക്കണം.
വിവിധ മെഡിക്കൽ കോളേജുകളിൽ അധ്യാപകരായ 40,000 ഡോക്ടർമാരെ പുതിയ പാഠ്യപദ്ധതിയിൽ പരിശീലിപ്പിക്കാനുള്ള പരിപാടിയും മെഡിക്കൽ കൗൺസിൽ തയാറാക്കിയിട്ടുണ്ട്. കേരളത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കൗൺസിലിന്റെ കീഴിലുള്ള നോഡൽ സെന്റർ ഫോർ ഫാക്വൽറ്റി ഡെവലപ്്മെന്റ്, കോഴിക്കോട് മെഡിക്കൽ കോളേജിലെ റീജിയണൽ സെന്റർ ഇൻ മെഡിക്കൽ എഡ്യൂക്കേഷൻ ടെക്നോളജി എന്നിവയുടെ ആഭിമുഖ്യത്തിൽ സർക്കാർ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആരോഗ്യ സർവകലാശാലയ്ക്ക് പുതിയ അദ്ധ്യനരീതി സംബന്ധിച്ചുള്ള വിവരങ്ങൾ മെഡിക്കൽ കൗൺസിലിൽ നിന്നും ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ല. തന്മൂലം പരീക്ഷയും മറ്റ് ക്രമീകരണങ്ങളും നടത്താൻ സർവകലാശാലയ്ക്ക് കഴിയാതെ വരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
വിമർശനങ്ങൾ
പുതിയ പാഠ്യപദ്ധതിയിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് മെഡിക്കൽ രംഗത്തെ ചില പ്രഗല്ഭർ വിമർശനം ഉന്നയിക്കുന്നുണ്ട്. ശാരീരിക വൈകല്യം ബാധിച്ചവരെ സംബന്ധിച്ചിട്ടുള്ള പാഠഭാഗങ്ങൾ തീരെ അപര്യാപ്തമാണെന്നതാണ് പ്രധാന വിമർശനം. ട്രാൻസ്ജെൻഡറുകളെക്കുറിച്ച് മാറിവന്നിട്ടുള്ള നവീന വൈദ്യശാസ്ത്ര ചിന്താഗതിക്ക് വിപരീത വിവരങ്ങളാണ് പുതിയ പാഠഭാഗങ്ങളിലുള്ളതെന്ന, ഗൗരവമേറിയ വിമർശനവും ഉയരുന്നു. പുതിയ പാഠ്യപദ്ധതി തയാറാക്കിയത് മെഡിക്കൽ അദ്ധ്യാപകരെയും വൈദ്യസർവകലാശാലകളെയും വിശ്വാസത്തിലെടുക്കാതെ മെഡിക്കൽ കൗൺസിലിന് സ്വീകാര്യരായ ചിലരുടെ മാത്രം സഹായത്തോടെയാണെന്ന പരാതിയുമുണ്ട്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പുതിയ സർക്കാർ വന്നിട്ട് കൂടുതൽ വിശാലമായ ചർച്ചകൾക്ക് ശേഷം പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായമുള്ള മെഡിക്കൽ അദ്ധ്യാപകരുമുണ്ട്.
( ലേഖകൻ മുൻ വൈസ് ചാൻസിലറും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമാണ് )