തിരുവനന്തപുരം: ശ്രീലങ്കയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ പിടിയിലായ രണ്ട് പേർക്ക് മലയാളി ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ശ്രീലങ്കൻ സ്ഫോടനത്തിന്റെ സൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്‌നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞ ദിവസം സൗദിയിൽ പിടിയിലായത്. ഇവർക്ക് കാസർകോട്ടെ ഐസിസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് വലിയ പങ്കുണ്ടെന്നാണ് വിവരം.
അതേസമയം, കേരളത്തിൽ ഏത് വിധേനയും ആക്രമണം നടത്താൻ നിരവധി ചാവേറുകൾ തയ്യാറാണെന്നും ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. കാസർകോട് നിന്ന് സിറിയയിലേക്ക് കടന്ന മലയാളികളുടെ നേതൃത്വത്തിൽ കൂടുതൽ മലയാളികളെ ഐസിസിൽ ചേർക്കാൻ ശ്രമങ്ങൾ നടക്കുന്നതായും എൻ.ഐ.എ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ തൃശൂർ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി നഗരവുമാണ് ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതും റിപ്പോർട്ടിലുണ്ട്.
അതേസമയം, ഐസിസ് റിക്രൂട്ട്മെന്റ് കേസിൽ മൂന്ന് മലയാളികളെക്കൂടി എൻ.ഐ.എ പ്രതിചേർത്തു. ഖത്തറിൽ കഴിയുന്ന കൊല്ലം കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര അനസ് ഫ്ളോർ മില്ലിനു സമീപം വക്കേത്തറയിൽ അബു മർവാൻ അൽ ഹിന്ദി എന്നറിയപ്പെടുന്ന മുഹമ്മദ് ഫൈസൽ (29), കാസർകോട് കളിയങ്ങാട് പള്ളിക്കൽ മൻസിലിൽ അബു ഈസ എന്ന പി.എ. അബൂബക്കർ സിദ്ദിഖ് (28), കാസർകോട് എരുത്തുംകടവ് വിദ്യാനഗർ സിനാൻ മൻസിലിൽ അഹമ്മദ് അറാഫത്ത് എന്നിവരെയാണ് പ്രതി ചേർത്തത്.
കാസർകോട്ട് നിന്ന് യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത കേസിലാണിത്.
റിക്രൂട്ട്മെന്റ് കേസിൽ ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി അബ്ദുൾ റാഷിദ് അബ്ദുള്ളയുടെയും അഫ്ഗാനിസ്ഥാനിൽ ഒളിവിലുള്ള മറ്റൊരു പ്രതിയുടെയും നിരന്തര സ്വാധീനം നിമിത്തം പ്രതികൾ ഒറ്റ ഗ്രൂപ്പായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ 2018 സെപ്തംബർ മുതൽ ആസൂത്രണങ്ങൾ നടത്തി വരികയായിരുന്നു. ഫൈസലിന്റെയൊഴികെ മറ്റു പ്രതികളുടെ വീടുകളിൽ ഏപ്രിൽ 28 ന് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ, സിംകാർഡുകൾ, എയർഗൺ, പേഴ്സണൽ ഡയറികൾ, ചില പുസ്തകങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. അബ്ദുൾ റാഷിദ് കാസർകോട്ടും പാലക്കാട്ടുമുള്ള ചില യുവാക്കളെ ഐസിസിൽ ചേരാനും ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും നിരന്തരം പ്രേരിപ്പിക്കുന്നുണ്ടെന്ന് എൻ.ഐ.എ വ്യക്തമാക്കി.