evm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിന് മുൻപ് 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കണമെന്നാവശ്യം തള്ളിയ സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷം നൽകിയ പുനപരിശോധനാ ഹർജിയും കോടതി തള്ളി. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് ഏപ്രിൽ എട്ടിന് നിർദ്ദേശം നൽകിയിരുന്നു. 50 ശതമാനം സ്ലിപ്പുകളെണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ നൽകിയ ഹർജി ഭാഗികമായി അനുവദിച്ചായിരുന്നു നടപടി. വലിയതോതിൽ മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യവും വേണമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു 50 ശതമാനം സ്ലിപ്പുകൾ എണ്ണണമെന്ന ആവശ്യം കോടതി അംഗീകരിക്കാതിരുന്നത്. എന്നാൽ ഇത് പോരെന്നും പകുതി വിവിപാറ്റുകളും എണ്ണണമെന്നും ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിച്ചത്.

ഇന്ന് കോടതി ചേർന്നപ്പോൾ തന്നെ പ്രതിപക്ഷത്തിന്റെ ഹർജി കോടതി തള്ളുകയായിരുന്നു. എന്നാൽ 25 ശതമാനമെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതും അംഗീകരിച്ചില്ല.പുനപരിശോധന ഹർജിയും തള്ളിയോടെ ഫലപ്രഖ്യാപന ദിവസമായ മേയ് 23ന് മുമ്പ് ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന് മുന്നിൽ മറ്റ് മാർഗങ്ങളൊന്നും നിലവിലില്ല. അതേസമയം, കോടതി വിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു.

ഒരു നിയമസഭാമണ്ഡലത്തിലെ ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാനായിരുന്നു കമ്മിഷൻ നേരത്തേ തീരുമാനിച്ചിരുന്നത്. വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് വിശ്വാസ്യത ഉറപ്പാക്കാൻ ഇത് 50 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ ആറ് ദേശീയ പാർട്ടികളും 15 പ്രാദേശിക പാർട്ടികളും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പോൾ ചെയ്ത വോട്ടുകളും 50 ശതമാനം സ്ലിപ്പുകളും ഒത്തുനോക്കിയാൽ ഫലപ്രഖ്യാപനം ആറുദിവസമെങ്കിലും വൈകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഫലം വൈകിയാലും പകുതി വിവിപാറ്റുകളെങ്കിലും എണ്ണണമെന്നാണ് പ്രതിപക്ഷ നിലപാട്.