തിരുവനന്തപുരം: സർവീസ് സ്‌റ്റോറി എഴുതുന്നെങ്കിൽ നല്ലതിനു വേണ്ടി എഴുതണമെന്നും അല്ലാതെ സ്വയം പുകഴ്‌ത്താനാകരുതെന്ന് മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. ഞാൻ മാത്രം സത്യസന്ധൻ എന്ന രീതി ശരിയല്ലെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുൻ പൊലീസ് മേധാവിയായിരുന്ന ടി.പി സെൻകുമാർ, വിജിലൻസ് മേധാവിയായിരുന്ന ജേക്കബ് തോമസ് എന്നിവരുടെ സർവീസ് സ്‌റ്റോറികൾ പുറത്തു വന്നിരുന്നു. സർവീസിലിരിക്കെ തങ്ങൾക്ക് നേരിട്ട അനുഭവങ്ങൾ ഇരുവരും തങ്ങളുടെ പുസ്‌തകത്തിൽ പ്രതിപാദിച്ചത് ഏറെ വിവാദവും ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജേക്കബ് പുന്നൂസിന്റെ പരാമർശമെന്നതാണ് ശ്രദ്ധേയം.
ജേക്കബ് പുന്നൂസിന്റെ വാക്കുകൾ-
'സർവീസ് സ്‌റ്റോറി എഴുതുന്നെങ്കിൽ നല്ലതിനു വേണ്ടി എഴുതണം. ആളുകളുടെ അറിവിനും നന്മയ്‌ക്കും വേണ്ടി. അല്ലാതെ സ്വയം പുകഴ്‌ത്താനോ സ്വയം പ്രശംസിക്കാനോ, മറ്റെല്ലാവരും കള്ളന്മാർ ഞാൻ മാത്രം സത്യസന്ധനായി ഈ നശിച്ച ലോകത്തിൽ ജീവിച്ചെന്ന് പറയാൻ വേണ്ടി ഒന്നുമായിരിക്കരുത്. ഞാൻ മാത്രം സത്യസന്ധൻ, ഞാൻ ഒറ്റയാനായിട്ട് ഈ കാട്ടിൽ കയറി ഉള്ള മുളയത്രയും തിന്നു. എന്നെ ആരും മുള തിന്നാൻ സഹായിച്ചില്ല. എന്നുള്ള വിലാപവുമായിട്ട് നടക്കുന്ന ഒറ്റയാന്മാരുടെ കഥകളാണ്. അതൊക്കെ എന്തിനാണ് സർവീസ് സ്‌റ്റോറിയാക്കുന്നത്'.