kottayam-accident
തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻപിൽ സ്വകാര്യ ബസ് കയറി വീട്ടമ്മ മരിച്ച സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

കോട്ടയം: സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മകളുടെ കൺമുന്നിൽ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. തോട്ടയ്‌ക്കാട് കോവൂർ വീട്ടിൽ ബിജുവിന്റെ ഭാര്യ പൊന്നമ്മ (മിനി -47) യാണ് അപകടത്തിൽ മരിച്ചത്. പതിനാല് വയസുകാരിയായ മകൾ ദേവികാ ബിജുവിന്റെ കൺമുന്നിലായിരുന്നു അപകടം. മകളുടെ കൈപിടിച്ച് റോഡ് മുറിച്ചു കടന്ന മിനിയെ, ബസ് ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. റോഡിൽ വീണ മിനിയുടെ തലയിലൂടെ ബസിന്റെ മുൻ ചക്രങ്ങൾ കയറിയിറങ്ങി.

ഇന്നലെ രാവിലെ ഒൻപത് മണിയോടെ തിരുനക്കര ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം. തോട്ടയ്‌ക്കാട് നിന്നും എത്തി ബസിറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുകയായിരുന്നു മിനിയും, മകൾ ദേവികയും. ഈ സമയം സ്റ്റാൻഡിനുള്ളിൽ നിന്നും പുറത്തേയ്‌ക്ക് ഇറങ്ങിയ വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന പുള്ളത്തിൽ ബസ് മിനിയെ ഇടിച്ചു വീഴ്‌ത്തി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ചക്രങ്ങൾക്ക് അടിയിലേയ്‌ക്ക് മിനി വീണു. ഇവരുടെ തലയിലൂടെ ബസ് കയറിയിറങ്ങി. മിനി വീഴുന്നത് കണ്ട് മകൾ ദേവിക ബഹളം വച്ചതോടെ ബസ് നി‌ർത്തിയെങ്കിലും, ഇവർ മരിച്ചിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ ബസ് ജീവനക്കാർ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. തുടർന്ന് പൊലീസ് എയ്‌ഡ് പോസ്റ്റിൽ നിന്നെത്തിയ പൊലീസുകാരാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റിയത്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മിനിയുടെ ഭർത്താവ് ബിജു വെൽഡിംഗ് തൊഴിലാളിയാണ്.

kottayam-accident
തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻപിൽ സ്വകാര്യ ബസ് കയറിമരിച്ച പൊന്നമ്മയോടോപ്പമുണ്ടായിരുന്ന മകൾ ദേവിക ദു:ഖത്തോടെ അച്ഛൻ ബിജുവിനൊപ്പം തോട്ടക്കാട്ടെ വീട്ടിൽ

മൃതദേഹത്തിനരികെ വാവിട്ട് കരഞ്ഞ് മകൾ

അതുവരെ കൈപിടിച്ച് നടന്നിരുന്ന അമ്മ, മരണത്തിലേയ്‌ക്ക് കൈവിട്ടു പോകുന്നത് കണ്ടു നിൽക്കാനേ ദേവികയ്‌ക്ക് സാധിച്ചുള്ളൂ. കൺമുന്നിൽ മാതാവിന്റെ മരണത്തിന് സാക്ഷിയായതിന്റെ ഞെട്ടൽ ദേവികയുടെ മുഖത്ത് നിന്നു വിട്ടുമാറിയിട്ടില്ല. ക്ഷേത്ര ദർശനത്തിനും, ഷോപ്പിംഗിനുമായാണ് ദേവികയും അമ്മ മിനിയും നഗരത്തിലെത്തിയത്. തോട്ടയ്‌ക്കാട് നിന്നു ബസ് കയറി തിരുനക്കര പഴയ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി. തുടർന്ന് കൈകോർത്ത് പിടിച്ച് റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അശ്രദ്ധമായി മുന്നോട്ടെടുത്ത ബസ് മിനിയുടെ ജീവനെടുത്തത്. അമ്മ റോഡിൽ മറിഞ്ഞു വീണ ഉടൻ ദേവികെ പിടിക്കാൻ ശ്രമിച്ചെങ്കിലും, പിടിവിട്ട് ബസിന്റെ അടിയിലേയ്‌ക്ക് മിനി വീണു. ദേവികയുടെ കരച്ചിൽ കേട്ടാണ് ബസ് നിറുത്തിയത്. ഓടിക്കൂടിയവർ കാണുന്നത് അമ്മയുടെ മൃതദേഹത്തിനരികെ ഇരുന്ന് വാവിട്ട് കരയുന്ന കുട്ടിയെയാണ്.

ലക്കുംലഗാനുമില്ലാതെ സ്വകാര്യ ബസുകൾ

തിരുനക്കര ബസ് സ്റ്റാൻഡിൽ എല്ലാം തോന്നുംപടിയാണ്. പൊലീസ് എയ്ഡ് പോസ്റ്റ് സമീപത്തുണ്ടെങ്കിലും കാര്യങ്ങൾ നിയന്ത്രിക്കുന്നത് സ്വകാര്യബസ് ജീവനക്കാരാണ്. അമിതവേഗത, സമയത്തെച്ചൊല്ലിയുള്ള തർക്കവും കൈയാങ്കളിയും ഇതൊക്കെ പതിവ് കാഴ്ചയാണ്. മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ഒരു ലൈനിലും, മറ്റുള്ള ബസുകൾ തൊട്ടടുത്ത ലൈനിലുമായാണ് നിറുത്തുന്നത്. ബസുകളുടെ നിര പലപ്പോഴും സ്റ്റാൻഡിന് പുറത്തേയ്‌ക്ക് നീണ്ടാലും പൊലീസ് അനങ്ങില്ല. പല പൊലീസുകാരും വിശ്രമകേന്ദ്രമായാണ് എയ്‌ഡ് പോസ്റ്റിനെ കാണുന്നത്. മെഡിക്കൽ കോളേജ്, വൈക്കം ഭാഗത്തേയ്‌ക്കുള്ള ബസുകൾ അതിവേഗമാണ് സ്റ്റാൻഡ് വിടുന്നത്. ഡ്രൈവർമാരുടെ അശ്രദ്ധയാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം. സ്റ്റാൻഡിന്റെ ഒരു വശത്ത് ഇറങ്ങുന്ന യാത്രക്കാർക്ക് സ്റ്റാൻഡിനുള്ളിലൂടെ നടക്കേണ്ടി വരുന്നതും, ബസിനു പിന്നാലെ ഓടുന്നതും അപകടങ്ങൾക്കിടയാക്കുന്നു.

പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

തിരുനക്കരയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ പരിശോധന ശക്തമാക്കി മോട്ടോർ വാഹനവകുപ്പ്. ഇന്നലെ നടത്തിയ പരിശോധനയിൽ 53 സ്വകാര്യ ബസുകൾക്ക് നോട്ടീസ് നൽകി. അമിത വേഗം, അശ്രദ്ധമായി വാഹനം ഓടിക്കൽ എന്നിവയാണ് കണ്ടെത്തിയ കുറ്റങ്ങൾ. എം.വി.ഐ എം.ബി ജയചന്ദ്രന്റെ നേതൃത്വത്തിൽ അപകട സ്ഥലത്തും പരിശോധന നടത്തി.