pinarayi-sredharan-pilai

തിരുവനന്തപുരം: ദേശീയപാത വികസനത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയ്‌ക്ക് സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ വികസനത്തിന്റെ ചിറകരിയാനാണ് കേന്ദ്രസർക്കാർ ശ്രിമിക്കുന്നതെന്നും ദേശീയപാത വികസനം തടസപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനിടെയാണ് യാതൊരു കാരണവുമില്ലാതെ സ്ഥലമെടുപ്പ് ജോലികൾ നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രളയത്തിന്റെ പേരു പറഞ്ഞ് ദേശീയപാതയ്ക്കുള്ള സ്ഥലമെടുപ്പ് നിർത്തിവയ്ക്കാൻ കേന്ദ്രത്തിന് കത്തെഴുതിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ളയുടെ നടപടി ഞെട്ടിക്കുന്നതാണ്. ജനം ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ടട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ശ്രീധരൻപിള്ളയ്ക്. കേന്ദ്ര സർക്കാരിന് അയച്ച കത്തിൽ പറഞ്ഞ കാര്യങ്ങൾ സംസ്ഥാന സർക്കാരിന് മുമ്പിൽ അവതരിപ്പിക്കുവാനോ പരസ്യമായി പ്രസ്താവിക്കാനോ തയ്യാറാവാതെ രഹസ്യമായി കത്തയച്ച് വികസന പ്രവർത്തനത്തെ തടയുകയാണ്.എന്നിട്ട് ഇപ്പോൾ പ്രളയത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്നത് കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ താൽപര്യത്തിന് എതിരായി നിൽക്കുന്ന പാർട്ടിയായി. ബി.ജെ.പി അധ:പതിച്ചിരിക്കുന്നുവെന്നതിന് ഇതിലും വലിയ തെളിവുകളുടെ ആവശ്യവുമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാടിന്റെ വികസനത്തെയും പാരമ്പര്യത്തെയും തകർക്കുന്നവരെ തിരിച്ചറിയാനുള്ള വിവേകം കേരള ജനതയ്ക്കുണ്ട്. ജനങ്ങൾ ഇത്തരം നീക്കങ്ങളെ ഒന്നിച്ചുനിന്ന് ശക്തമായി നേരിടും. കേരളത്തെ അപകീർത്തിപ്പെടുത്താൻ സംഘപരിവാർ ശ്രമിച്ചപ്പോൾ ജനങ്ങൾ ഒന്നിച്ച് നിന്ന് അതിനെ പരാജയപ്പെടുത്തിയതാണ്.

ദേശീയപാത വികസനത്തിൽ ഒന്നാം പട്ടികയിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ ഉൾപ്പെടുത്തുകയും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ രണ്ടാം പട്ടികയിലേക്കും മാ​റ്റുകയും ചെയ്തത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത നടപടിയാണിത്. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ വ്യവസ്ഥയ്ക്ക് തീർത്തും എതിരുമാണ്. നാടിന്റെ പൊതുവായ വികസനമല്ല, തങ്ങളുടെ ഇംഗിതങ്ങൾക്കനുസരിച്ചുള്ള വികസനമാണ് രാജ്യത്ത് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് തങ്ങൾക്ക് താൽപര്യമുള്ളിടത്ത് വികസനമെന്ന സമീപനമാണ് കേന്ദം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.